Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനാണ് ആദ്യം പാടിയത്, എന്റെ വേർഷൻ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു': 'മാർക്കോ' വിവാദത്തിൽ 'കെജിഎഫ്' ഗായകൻ

'ഞാനാണ് ആദ്യം പാടിയത്, എന്റെ വേർഷൻ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു': 'മാർക്കോ' വിവാദത്തിൽ 'കെജിഎഫ്' ഗായകൻ

നിഹാരിക കെ എസ്

, ചൊവ്വ, 26 നവം‌ബര്‍ 2024 (15:41 IST)
ഉണ്ണി മുകുന്ദൻ ഗായകനായ മാർക്കോ എന്ന ചിത്രത്തിലെ ബ്ലഡ് എന്ന ഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കെജിഎഫ് ഗായകൻ സന്തോഷ് വെങ്കി. ഡാബ്​സിക്ക് പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറാക്കിയ ഒരു റഫ് പതിപ്പ് മാത്രമായിരുന്നു താൻ പാടിയത് എന്നും സന്തോഷ് വെങ്കി പറയുന്നു. 
 
പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡാബ്​സി പാടിയ പതിപ്പിനൊപ്പം തന്റെ പതിപ്പും പുറത്തുവിട്ടത്. തന്റെ പതിപ്പ് പുറത്തിറക്കുമെന്ന് കരുതിയിരുന്നില്ല എന്ന് സന്തോഷ് വെങ്കി പറഞ്ഞു. ഒടിടി പ്ലേയോട് സംസാരിക്കുകയായിരുന്നു സന്തോഷ് വെങ്കി.
 
'ഞാൻ ഒരിക്കലും ഡാബ്​സിക്ക് പകരമല്ല. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് രവി ബസ്രൂറുമായി പരിചയമുണ്ട്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഉഗ്രം മുതൽ തന്നെ ഞാൻ അദ്ദേഹത്തിന് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറാക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. ഇതിന്റെ യഥാർത്ഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. 
 
എന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നു. പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ തിരിഞ്ഞത്. ഗാനം റെക്കോർഡ് ചെയ്യാൻ ഡാബ്​സി ബെംഗളൂരുവിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. വാസ്തവത്തിൽ, ചില ഭാഗങ്ങൾക്കായി അദ്ദേഹം പ്രയാസപ്പെട്ടു. എന്നാലും നല്ല പതിപ്പ് ലഭിക്കും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. എങ്കിലും അദ്ദേഹത്തിന് പകരമല്ല ഞാൻ പാടിയത്,' എന്ന് സന്തോഷ് വെങ്കി കൂട്ടിച്ചേർത്തു.
 
കഴിഞ്ഞ ദിവസമായിരുന്നു മാർക്കയിലെ ബ്ലഡ് എന്ന ഗാനം റിലീസ് ചെയ്തത്. എന്നാൽ ഡാബ്​സിയുടെ ശബ്ദം ഗാനത്തിന് ചേരുന്നതല്ല എന്ന തരത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗായകനെ മാറ്റുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നതായി ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിന് തെളിഞ്ഞ ഭാഗ്യം, ലക്കി ഭാസ്കർ ഒടിടി റിലീസിനെത്തുന്നു... എന്ന്?, എവിടെ കാണാം?