'കോപ്രായങ്ങൾക്ക് മാറ്റമൊന്നുമില്ല, ദിലീപ് ഇപ്പോഴും 15 കൊല്ലം പുറകിൽ'; പുതിയ പാട്ടിന് പിന്നാലെ പരിഹാസം
മലയാളത്തിലെ 35 താരങ്ങളാണ് ഗാനം ഫേസ്‌ബുക്ക് വഴി പുറത്തുവിട്ടത്.
നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപ് ആണ് നായകൻ. ടൈറ്റിൽ കഥാപാത്രമായ പ്രിൻസിനെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് നായകനാകുന്ന 150-ാമത്തെ സിനിമയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിനായി അഫ്‌സല്‍ പാടുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തിലെ 35 താരങ്ങളാണ് ഗാനം ഫേസ്‌ബുക്ക് വഴി പുറത്തുവിട്ടത്.
മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ലിസ്‌റ്റിന്‍ സ്റ്റീഫനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയിൽ ദിലീപിന്റെ സഹോദരനായി ധ്യാൻ ശ്രീനിവാസനും എത്തുന്നുണ്ട്. സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്‍റണി, ജോസ് കുട്ടി, അശ്വിന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ആയ പാട്ടിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനമാണുയരുന്നത്. അഭിനന്ദിക്കുന്നവരും കുറവല്ല.
'ഇപ്പോൾ ഇറങ്ങുന്ന മിക്ക ദിലീപ് സിനിമകളിലും ഇത് പോലൊരു പാട്ട് കാണും... ഒരേ പോലുള്ള ചേഷ്ടകളും ഗോഷ്ടികളും...ഇത് തന്നെ ഇങ്ങനെ ആവർത്തിച്ചു കാണിച്ചു പ്രേക്ഷകരെ വെറുപ്പിക്കണോ', 'അഭിനയം കണ്ടാൽ ഒട്ടും ആർട്ടിഫിഷ്യൽ ആണെന്ന് തോന്നിക്കുകയേ ഇല്ല', 'ദിലീപ് കൊമേഴ്സ്യൽ പടങ്ങളിലേക്ക് ട്രാക്ക് മാറേണ്ട സമയമായിരിക്കുന്നു', 'പഴയ കോമഡി പടങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.