15 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്‌ത 'കപ്പൽ മുതലാളി' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അതിന് കാരണം, ധ്യാൻ ശ്രീനിവാസനും. 'മൂക്കില്ലാരാജ്യത്ത്', 'ഈ പറക്കും തളിക' തുടങ്ങി സിനിമകൾ സംവിധാനം ചെയ്‌ത താഹയുടെ സംവിധാനത്തിൽ രമേഷ് പിഷാരടി നായകനായി എത്തിയ ചിത്രമായിരുന്നു 'കപ്പൽ മുതലാളി'. 2009ൽ റിലീസ് ചെയ്‌ത ചിത്രം അധികം ജനപ്രീതി നേടിയിരുന്നില്ല. എന്നാൽ, നിർമാതാവിന് നഷ്ടവും വരുത്തിയില്ല.
'ആപ്പ് കൈസേ ഹോ' എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്‍റെ പ്രെമോഷനിടെ രമേശ് പിഷാരടിയെ കളിയാക്കി ധ്യാൻ ശ്രീനിവാസൻ നടത്തിയ 'കപ്പൽ മുതലാളി' പരാമർശമാണ് ചിത്രം വീണ്ടും ട്രെൻഡിങ്ങിൽ ആകാൻ കാരണം. വിഷയം ട്രെൻഡിങ് ആയതോടെ പ്രതികരണവുമായി സംവിധായകൻ താഹ. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 'കപ്പൽ മുതലാളി' ഇന്‍റര്‍നെറ്റില്‍ സെൻസേഷൻ ആയത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
'ഞാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫോൺ പരമാവധി ഉപയോഗിക്കാറില്ല. കപ്പൽ മുതലാളി വീണ്ടും ചർച്ചാവിഷയമായത് അത്ഭുതപ്പെടുത്തി. ധ്യാൻ ശ്രീനിവാസൻ കപ്പൽ മുതലാളി എന്ന സിനിമയെ പരിഹസിച്ചെന്ന് കരുതുന്നില്ല. അയാൾ പറയുന്ന തമാശകൾ ഉൾക്കൊള്ളാൻ ഇവിടത്തെ മലയാളികൾക്ക് ബോധമുണ്ട്. പിന്നെ ധ്യാനിനോട് ഒരു കാര്യം. 'ധ്യാനേ... കപ്പൽ മുതലാളി ഒരു പരാജയ ചിത്രമല്ല'. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമയായിരുന്നു അത്. മുടക്കുമുതൽ തിരിച്ചുപിടിച്ചു എന്ന് മാത്രമല്ല നിർമ്മാതാവിന് ചെറിയൊരു തുക ടേബിൾ പ്രോഫിറ്റായും ലഭിച്ചു. സിനിമ എന്തോ പിൽക്കാലത്ത് ജനങ്ങൾ ഓർത്തിരുന്നില്ല. എല്ലാ സിനിമയും എല്ലാകാലവും ഓർത്തിരിക്കണം എന്ന് നിർബന്ധം ഇല്ലല്ലോ', സംവിധായകന്‍ പറഞ്ഞു.