Surya @50: 'തുണി ഫാക്ടറിയിൽ 18 മണിക്കൂർ ജോലി, ആദ്യ ശമ്പളം 736 രൂപ'; ആദ്യകാലത്തെ കുറിച്ച് സൂര്യ
നന്ദ എന്ന ചിത്രമാണ് സൂര്യയുടെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം
തെന്നിന്ത്യയുടെ സൂപ്പർതാരമാണ് സൂര്യ. നടിപ്പിൻ നായകൻ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. സൂര്യയ്ക്ക് ഇന്ന് അമ്പതാം പിറന്നാൾ ആണ്. 1997 ൽ പുറത്തിറങ്ങിയ നേരുക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
ബാല സംവിധാനം ചെയ്ത് 2001 ൽ റിലീസ് ചെയ്ത നന്ദ എന്ന ചിത്രമാണ് സൂര്യയുടെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം. ഇതിലൂടെയാണ് സൂര്യ അജിത്, വിജയ്, വിക്രം എന്നിവർക്കൊപ്പമെത്തിയത്.
ഇന്ന് കോടികളാണ് സൂര്യയുടെ പ്രതിഫലം. ഒപ്പം നിരവധി പേർക്ക് സൂര്യ സഹായകനാകുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ ശമ്പളം വെറും 736 രൂപ ആയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരു തുണി ഫാക്ടറിയിലായിരുന്നു സൂര്യ ആദ്യം ജോലി ചെയ്തിരുന്നത്. ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്തതിന് ശേഷമാണ് പ്രതിഫലം ലഭിച്ചിരുന്നത് എന്ന് പറയുകയാണ് സൂര്യ. മുൻപൊരിക്കൽ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
"18 വയസാകുമ്പോൾ നമ്മളെല്ലാവരും ഭാവിയെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങും. അച്ഛന്റെ (നടൻ ശിവകുമാർ) പാത പിന്തുടർന്ന് സിനിമയിൽ വരാൻ എനിക്ക് തീരെ ആഗ്രഹമില്ലായിരുന്നു. ആ സമയത്ത് എനിക്കൊരു തുണി ഫാക്ടറിയിൽ ജോലി കിട്ടി. 736 രൂപയായിരുന്നു എനിക്ക് ആദ്യത്തെ മാസം കിട്ടിയ ശമ്പളം. എല്ലാ ദിവസവും 18 മണിക്കൂർ ജോലി ചെയ്തതിനു ശേഷമാണ് എനിക്ക് അത് ലഭിച്ചിരുന്നത്. ആ പണം സൂക്ഷിച്ചിരുന്ന വെളുത്ത കവറിന്റെ ഭാരം എനിക്ക് ഇപ്പോഴും ഓർമയുണ്ട്,"- സൂര്യ പറഞ്ഞു.
അതേസമയം സൂര്യയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കറുപ്പ്, സൂര്യ 46, വാടിവാസൽ തുടങ്ങി നിരവധി സിനിമകളാണ് സൂര്യയുടേതായി ലൈൻ അപ്പിലുള്ളത്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് കറുപ്പ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.