മാമാങ്കം പ്രതിസന്ധിയിലായപ്പോള്‍ മഹാവീര്‍ കര്‍ണ ഷൂട്ടിംഗ് തുടങ്ങി, ഇത് ആര്‍ എസ് വിമലിന്‍റെ മധുരപ്രതികാരമോ?

വെള്ളി, 8 ഫെബ്രുവരി 2019 (18:15 IST)
മലയാള സിനിമയെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു ‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. പാതിവഴിയില്‍ സംവിധായകനെ മാറ്റുകയും മറ്റൊരു സംവിധായകനെ കൊണ്ടുവരികയുമൊക്കെ ചെയ്ത മാമാങ്കത്തിന്‍റെ പ്രതിസന്ധി ഇപ്പോഴും മാറിയിട്ടില്ല.
 
മാമാങ്കത്തിന്‍റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി ആദ്യം നിര്‍മ്മിക്കാനിരുന്ന ചിത്രം ആര്‍ എസ് വിമല്‍ ഒരുക്കുന്ന കര്‍ണന്‍ ആയിരുന്നു. എന്നാല്‍ ബജറ്റ് ഉയര്‍ന്നതും പ്ലാനിംഗിലെ വ്യക്തതയില്ലായ്മയും ആരോപിച്ച് വേണു കുന്നപ്പള്ളി കര്‍ണനില്‍ നിന്ന് പിന്‍‌മാറി. പിന്നീടാണ് വേണു കുന്നപ്പള്ളി മാമാങ്കം ഏറ്റെടുത്തത്.
 
ഇപ്പോഴിതാ, ആര്‍ എസ് വിമല്‍ ‘മഹാവീര്‍ കര്‍ണ’യുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചിരിക്കുന്നു. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിക്രം ആണ് കര്‍ണനാകുന്നത്. ഇത് ആര്‍ എസ് വിമലിന്‍റെ മധുരപ്രതികാരമാണെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്.
 
കര്‍ണന്‍റെ പ്ലാനിംഗ് മുഴുവന്‍ കുഴപ്പമായിരുന്നെന്നും അതില്‍ സംഭവിച്ച പാളിച്ചകളുടെ അനുഭവം മാമാങ്കം ചെയ്യുമ്പോള്‍ ഗുണമാകുമെന്നുമൊക്കെ നേരത്തേ വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മാമാങ്കത്തിന്‍റെ പ്ലാനിംഗ് ആകെ തകരുന്നതാണ് സിനിമാലോകം കണ്ടത്. ആര്‍ എസ് വിമലാകട്ടെ തന്‍റെ 300 കോടി പ്രൊജക്ടുമായി മുന്നോട്ടുപോകുകയും ചെയ്തു.
 
കര്‍ണന്‍റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരതകഥയാണ് ആര്‍ എസ് വിമല്‍ ‘മഹാവീര്‍ കര്‍ണ’യിലൂടെ പറയുന്നത്. റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിനായി കൂറ്റന്‍ സെറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ കമ്പനിയായ യുണൈറ്റഡ് ഫിലിം കിംഗ്‌ഡം ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
എന്ന് നിന്‍റെ മൊയ്‌തീന്‍ എന്ന മെഗാഹിറ്റിന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മഹാവീര്‍ കര്‍ണ. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്തും പുറത്തിറങ്ങും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മനഃപൂർവം സംഭവിച്ചതല്ല', കങ്കണയോട് മാപ്പ് പറഞ്ഞ് ആലിയ ഭട്ട് !