ആകാംക്ഷയുടെ കൊടുമുടിയിൽ നിന്നുകൊണ്ടാണ് റിലീസ് ദിവസം തന്നെ മമ്മൂട്ടി - റാം കൂട്ടുകെട്ടിന്റെ പേരൻപ് കാണാനായി തിയേറ്ററിലത്തിയത്. ചിത്രം കണ്ടവരൊക്കെ മികച്ച അഭിപ്രായങ്ങൾ പറഞ്ഞു. അതുകൊണ്ടുതന്നെ സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് വരെ പ്രാർത്ഥനയയിരുന്നു. പറഞ്ഞുകേട്ടതൊക്കെ സത്യമാകണേ, എന്റെ പ്രതീക്ഷകൾക്കുമപ്പുറമെത്താൻ ഈ ചിത്രത്തിന് കഴിയണേ എന്ന്.
ഒട്ടും തെറ്റിയില്ല. പറഞ്ഞുകേട്ടതിനും എന്റെ പ്രതീക്ഷകൾക്കും എത്താൻ കഴിയാത്തിടത്തുതന്നെയായിരുന്നു പേരൻപ്. 148 മിനിറ്റുകൾ എങ്ങനെ പോയെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. കട്രത് തമിഴ്, തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം റാമിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം.
2009ൽ തിരക്കഥ പൂർത്തിയാക്കിയ ചിത്രം തുടങ്ങുന്നതിനായി ഈ സംവിധായകൻ മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്നതിൽ ഒരു തെറ്റുമില്ല. ചിത്രം കണ്ട ആർക്കും തന്നെ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. കഥാപാത്രമാകാൻ മറന്ന മമ്മൂട്ടിയുടെ വിസ്‌മയമാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുക.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്റേയും മകളുടേയും ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പന്ത്രണ്ട് അധ്യായങ്ങളായാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വൈകാരികമായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങുന്ന ഒരുപിടി മികച്ച സീനുകൾ.
ചിത്രത്തിലുടനീളം ഒഴിവാക്കാൻ പറ്റാത്തത് പ്രകൃതിയെയാണ്. പ്രകൃതി നൽകുന്ന 12 മാറ്റങ്ങളാണ് റാം അധ്യായങ്ങളായി പറയുന്നത്. ആദ്യപകുതിയിൽ അത് പ്രേക്ഷകർക്ക് മനസ്സിലാകും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി ജീവിക്കുന്നവരുടെ കഥ പറയാൻ റാം മിടുക്കനാണ്. അതുതന്നെയാണ് പ്രകൃതിയെ കൂട്ടുപിടിച്ച് പേരൻപിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
പ്രകൃതി കഴിഞ്ഞാൽ കഥാപാത്രമാകാൻ മറന്ന നടനെയാണ് പറയാനുള്ളത്. മമ്മൂട്ടിയുടെ സിനിമാ ചരിത്രം നോക്കിയാൻ ഈയടുത്തൊന്നും അദ്ദേഹം ഇത്തരത്തിൽ മികച്ചൊരു കഥാപാത്രവുമായി എത്തിയിട്ടില്ല. ചുരുക്കി പറഞ്ഞാൽ പത്തേമാരി എന്ന ചിത്രത്തിന് ശേഷം മികച്ചൊരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്നത് പേരൻപിലൂടെയാണ്. നിഷ്‌ക്കളങ്കമായ അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ ഈ നടനവിസ്‌മയത്തിന് കഴിഞ്ഞു. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഫോറിനറോട് അമുദവൻ പറയുന്ന 'താങ്ക്‌സി'ൽ നിന്നുതന്നെ ആ നിഷ്‌ക്കളങ്കത വ്യക്തമാണ്.
ഇനി എടുത്ത് പറയേണ്ടത് സാധനയേക്കുറിച്ചാണ്. ചിത്രത്തിൽ റാമിനും മമ്മൂട്ടിയ്‌ക്കും ഉള്ള അതേ സ്ഥാനമാണ് ഈ പതിനാറുകാരിക്ക് നൽകേണ്ടത്. ഒരുപക്ഷേ മമ്മൂട്ടിയേക്കാൾ പ്രേക്ഷകഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങിയത് സാധന എന്ന പാപ്പ തന്നെയായിരിക്കും. ഈ കുട്ടി അഭിനയിക്കുക തന്നെയാണോ എന്ന് സ്വയം ചോദിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അനുഭവസമ്പത്തുള്ള അഭിനേത്രികൾക്ക് പോലും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയാത്ത 'പാപ്പാ' എന്ന കഥാപാത്രത്തെ സാധന അവതരിപ്പിക്കുന്നതുകണ്ടാൽ കണ്ണ് നിറയുന്നതിൽക്കൂടുതൽ മനസ്സ് നിറയും.
അമുദവനും പാപ്പായും കഴിഞ്ഞാൽ പിന്നെ ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രം അഞ്ജലി അമീർ അവതരിപ്പിച്ച മീരയ്‌ക്കാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പൂർണ്ണമായും മീരയിലൂടെ അവതരിപ്പിക്കാൻ റാം ശ്രമിക്കുന്നുണ്ട്. പ്രായപൂർത്തിയാകുന്ന മകൾക്ക് സംഭവിക്കുന്ന മാറ്റങ്ങളിൽ മകൾ അച്ഛനെ പുരുഷനായി കാണുന്നയിടത്ത് മീര അവരെ സഹായിക്കാൻ എത്തുന്നുണ്ട്, പാപ്പായെ സ്വന്തം മകളേപ്പോലെ സംരക്ഷിക്കുന്നുണ്ട്.
അതുപോലെ അപ്രതീക്ഷിതമായി അമുദവന്റേയും പാപ്പായുടേയും ജീവിതത്തിൽ നിന്ന് വിട്ടുപോകുന്ന ആദ്യഭാര്യയും, അതുപോലെ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വിജയലക്ഷ്‌മി എന്ന അഞ്ജലിയുമുണ്ട്. പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങൾ. ഭർത്താവിനേക്കാൾ നല്ലൊരാളെ കിട്ടിയപ്പോൾ അയാളേയും സ്പാസ്റ്റിക് പരാലിസിസ് ഉള്ള മകളേയും വിട്ടുപോകുന്ന ആദ്യഭാര്യ. എന്തിനോ വേണ്ടി അവരുടെ ജീവിതത്തിലേക്ക് കയറിവന്ന വിജയലക്ഷ്‌മി എന്ന വിജി. രണ്ടിടത്തും അമുദവനും പാപ്പായും മറുപടി കൊടുത്തത് സ്‌നേഹത്തിലൂടെത്തന്നെയാണ്.
മികച്ച സംഗീതം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത യുവൻ ശങ്കർ രാജ. മനസ്സിലേക്ക് കുത്തിയിറങ്ങുന്ന ഈണങ്ങളിലൂടെ യുവൻ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. അതുപോലെ തേനി ഈശ്വറിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. പ്രകൃതിയെ കൂട്ടുപിടിച്ച് റാം കഥപറയുമ്പോൾ അത് അതേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഛായാഗ്രാഹകൻ വിജയിച്ചു.
എല്ലാം കൊണ്ടും ഒരു കുറവും പറയാൻ കഴിയാത്ത ഈ ചിത്രം ഇന്നത്തെ സിനിമാ ലോകത്തിന് ഒരു അഭിമാനം തന്നെയാണ്. പറഞ്ഞുകേട്ട ഹൈപ്പിൽ ചിത്രം കാണാൻ പോകുന്ന പലർക്കും അബദ്ധം പറ്റാറുണ്ട്. അടുത്തിടെ തന്നെ പല ചിത്രങ്ങൾക്കും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എന്നാൽ പേരൻപ് ഒരിക്കലും അങ്ങനെയാകില്ല. നമ്മുടെ കണ്ണും മനസ്സും ഒരുപോലെ നിറയ്‌ക്കുന്ന ഒരു മികച്ച ചിത്രം. ഹൃദയത്തെ തൊടുന്ന അനുഭവം ലഭിക്കുന്ന ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട പടം.