'എന്റെ വിവാഹമാണ്': വെളിപ്പെടുത്തലുമായി വിശാൽ
അടുത്ത വർഷം വിവാഹം, വധു വരലക്ഷ്മി ശരത് കുമാർ? - വിശാൽ പറയുന്നു
Publish Date: Sat, 10 Feb 2018 (14:01 IST)
Updated Date: Sat, 10 Feb 2018 (14:03 IST)
അടുത്ത വർഷം വിവാഹിതനാകുമെന്ന് നടനും നടികര്‍ സംഘം നേതാവുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി 2018ല്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷമുള്ള തന്റെ ആദ്യ പണി വിവാഹിതനാകുക എന്നാണെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, ആരെയാണ് വിവാഹം കഴിക്കുന്നത് എന്നത് സംബന്ധിച്ച സൂചനകളൊന്നും താരം പങ്കുവെച്ചിട്ടില്ല. അതേസമയം, ശരത്ത്കുമാറിന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്ത്കുമാറുമായി താരം പ്രണയത്തിലാണെന്നും വരലക്ഷ്മിയെ ആണ് വിശാൽ വിവാഹം കഴിക്കാൻ പോകുന്നതെന്നും കോടമ്പാക്കത്തൊരു വാർത്തയുണ്ട്.
രണ്ടു വര്‍ഷത്തില്‍ ഏറെയായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശാലും വരലക്ഷ്മിയുടെ പിതാവ് ശരത്ത്കുമാറും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളതെന്നതും പരസ്യമായ രഹസ്യമാണ്. വിശാലിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ശരത്ത്കുമാറും സംഘവും ഉന്നയിച്ചിരുന്നു.
നടികര്‍ സംഘം കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ എല്ലാം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശാല്‍ തള്ളിക്കളയുകയും ശരത്ത്കുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എതിർ പക്ഷത്ത് നിൽക്കുന്നയാളുടെ മകളെ വിശാൽ വിവാഹം കഴിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.