Vishu 2025 Movie New Release: വിഷു കളറാക്കാൻ നാല് സിനിമകൾ; ആര് ബംബറടിക്കും?
മൂന്ന് മലയാള സിനിമയും ഒരു തമിഴ് സിനിമയും.
ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഈ വിഷുവിനെ ഉറ്റുനോക്കുന്നത്. നാല് സിനിമകളാണ് ഈ വിഷുവിന് തിയേറ്ററുകളിലെത്തുന്നത്. മൂന്ന് മലയാള സിനിമയും ഒരു തമിഴ് സിനിമയും. മമ്മൂട്ടിയുടെ 'ബസൂക്ക', നസ്ലെൻ്റെയും ടീമിന്റെയും 'ആലപ്പുഴ ജിംഖാന', ബേസിൽ ജോസഫിന്റെ 'മരണമാസ്' എന്നിവയെല്ലാം ഈ വർഷത്തെ വിഷു റിലീസാണ്. ഇവർക്കൊപ്പം തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും റിലീസിനൊരുങ്ങുന്നു.
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. രണ്ട് ലുക്കിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയും ഈ വിഷുവിന് തിയേറ്ററുകളിലെത്തുന്നു. നസ്ലെൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.
ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്'. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോമഡി ഴോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. തൃഷയാണ് നായിക. ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.