എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മമ്മൂട്ടി സിനിമകള്‍ കേന്ദ്ര ജൂറിയിലേക്ക് അയക്കാതിരുന്നത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രാദേശിക ജൂറിയെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളാണ് പ്രധാന ജൂറിയുടെ പരിഗണനയിലേക്ക് എത്തുക. ഇത്തരത്തില്‍ മമ്മൂട്ടി സിനിമകളായ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവ പ്രധാന ജൂറിയിലേക്ക് അയച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പ്രാദേശിക ജൂറി ടീം ഉണ്ടായിരുന്നു. പ്രധാന ജൂറിയുടെ പക്കലേക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത സിനിമകള്‍ എത്തിക്കേണ്ടത് ഇവരുടെ കടമയാണ്. എന്നാല്‍ അവാര്‍ഡിനു സാധ്യതയുണ്ടായിരുന്ന മമ്മൂട്ടി ചിത്രങ്ങളെ ദക്ഷിണേന്ത്യന്‍ ജൂറി ടീം ആദ്യ ഘട്ടത്തില്‍ തന്നെ തഴഞ്ഞതായാണ് വിവരം.
2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളെയാണ് എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി പരിഗണിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷമാണ് മമ്മൂട്ടി ഫൈനല്‍ റൗണ്ടില്‍ പോലും എത്തിയിരുന്നില്ലെന്ന സ്ഥിരീകരണം വന്നത്. കാന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് ഷെട്ടിയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.