'പുഷ്പ 2: ദ റൂള്‍' ചിത്രീകരണം ഹൈദരാബാദില്‍ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന് കൂടുതല്‍ വേഗത കൈവരിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതനുസരിച്ച് ജോലികള്‍ തീര്‍ക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായ സംഭവങ്ങള്‍ സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചു. നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാന്‍ ആകില്ലെങ്കിലും, പുതിയ തന്ത്രവുമായി പുഷ്പ ടീം എത്തിയിരിക്കുകയാണ്.
നിലവിലുള്ള ടീമിനെ രണ്ടായി പിരിച്ച് അവ ഓരോന്നും റാമോജി ഫിലിം സിറ്റിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഒരേ സമയം ചിത്രീകരണം നടത്തും. കൃത്യസമയത്ത് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
2021ല്‍ പുറത്തിറങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ തരംഗം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൂടുതല്‍ പ്രാധാന്യത്തോടെ രണ്ടാം ഭാഗത്തില്‍ കാണാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. ആദ്യഭാഗത്തെ പോലെ തന്നെ മാസ് ഡയലോഗും ഗാനങ്ങളും ഇതിലും ഉണ്ടാകും.
മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന് റെക്കോര്‍ഡ് തിയറ്റര്‍ കൗണ്ട് ഉണ്ടാകും എന്നും പ്രതീക്ഷിക്കാം.
നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചു. സംവിധായകന്‍ സുകുമാറിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് ദേവി ശ്രീ പ്രസാദ് തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.