Kingdom Movie review: കൊണ്ടും കൊടുത്തും വിജയ് ദേവരകൊണ്ടയും സത്യദേവും, ആദ്യ സിനിമയിൽ ഞെട്ടിച്ച് വെങ്കിടേഷ്, കിങ്ങ്ഡം വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകർ
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന വില്ലന്‍ കഥാപാത്രമായി സത്യദേവ് തിളങ്ങിയപ്പോള്‍ തെലുങ്കിലെ അരങ്ങേറ്റ ചിത്രം വെങ്കിടേഷും മികച്ചതാക്കി മാറ്റി.
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നാനൂരിയുടെ സ്‌പൈ ത്രില്ലറായ കിംഗ്ഡത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു വിജയ് ദേവരകൊണ്ട സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തതായാണ് തെലുങ്ക് മേഖലയില്‍ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. പുതുമ എടുത്ത് പറയാനുള്ള കഥാപശ്ചാത്തലമല്ലെങ്കിലും അഭിനേതാക്കളുടെ മികച്ച പ്രകടനവും സംവിധാനത്തിലുള്ള ഗൗതം തിന്നാനൂരിയുടെ കൈയടക്കവുമാണ് സിനിമയെ എങ്കേജിങ്ങായി മാറ്റുന്നത്. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന വില്ലന്‍ കഥാപാത്രമായി സത്യദേവ് തിളങ്ങിയപ്പോള്‍ തെലുങ്കിലെ അരങ്ങേറ്റ ചിത്രം വെങ്കിടേഷും മികച്ചതാക്കി മാറ്റി.
1990കളിലെ ശ്രീലങ്കന്‍ രാഷ്ട്രീയപശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. സിനിമയില്‍ വിജയ് ദേവരകൊണ്ടയുടെ സൂരി എന്ന കഥാപാത്രം ശക്തമായ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിനൊത്ത പ്രകടനമാണ് വില്ലന്‍ വേഷത്തിലെത്തുന്ന സത്യദേവില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഫസ്റ്റ് ഹാഫും എന്നാല്‍ ഫസ്റ്റ് ഹാഫ് നല്‍കുന്ന പൊട്ടന്‍ഷ്യല്‍ മുതലാക്കാനാവാതെ പോയ രണ്ടാം പകുതിയുമാണ് സിനിമയ്ക്കുള്ളത്. ഇത് പലയിടങ്ങളിലും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. അതേസമയം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്ന സിനിമയാണ് കിങ്ങ്ഡം.
ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി ജോണ്‍ എന്നിവരുടെ കാമറയും സിനിമയില്‍ എടുത്ത് പറയേണ്ടതാണ്. മാസ് രംഗങ്ങള്‍ എലവേറ്റ് ചെയ്യുന്നതിലും യോജിച്ച പശ്ചാത്തല സംഗീതം നല്‍കുന്നതിലും അനിരുദ്ധ് വിജയിച്ചിട്ടുണ്ട്.തിരക്കഥയില്‍ പുതുമകളില്ലാത്തത് കുറവാണെങ്കിലും അഭിനേതാക്കളുടെ മികച്ച പ്രകടനം അത് മറയ്ക്കുന്നുണ്ട്.സ്ഥിരം കണ്ട് മറന്ന കഥയില്‍ പുതുതായുള്ള ആവിഷ്‌കാരവും അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയെ രക്ഷിക്കുന്നത്. മാസ് രംഗങ്ങളാല്‍ സമ്പന്നമായതിനാല്‍ തന്നെ ബോക്‌സോഫീസില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമുള്ള വിജയമാകും ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് സമ്മാനിക്കുക.