Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vilayath Buddha Review: സച്ചിയോടു നീതി പുലര്‍ത്താത്ത 'വിലായത്ത് ബുദ്ധ'

Vilayath Buddha Malayalam review: സച്ചിയുടെ 'അയ്യപ്പനും കോശിയും' പാറ്റേണ്‍ പിന്തുടരാന്‍ 'വിലായത്ത് ബുദ്ധ'യില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി പരാജയപ്പെടുന്നു

Vilayath Buddha Review, Vilayath Buddha Malayalam Review, Vilayath Buddha Review in Malayalam, Vilayath Buddha Review Webdunia Malayalam, Vilayath Buddha Review Malayala Manorama, Vilayath Buddha Review Indian Express, Vilayath Buddha Review Nelvin G

Nelvin Gok

, ഞായര്‍, 23 നവം‌ബര്‍ 2025 (09:06 IST)
Vilayath Buddha Review - malayalam

Nelvin Gok - [email protected]
Vilayath Buddha Review: അകാലത്തില്‍ മലയാള സിനിമയെ വിട്ടുപോയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്കുള്ള ട്രിബ്യൂട്ട് എന്ന് വാക്കുകള്‍കൊണ്ട് വിശേഷിപ്പിക്കാമെങ്കിലും അദ്ദേഹത്തോടു നീതി പുലര്‍ത്താതെയാണ് 'വിലായത്ത് ബുദ്ധ' പ്രേക്ഷകരെ തിയറ്ററില്‍ നിന്ന് ഇറക്കിവിടുന്നത്. സച്ചിയുടെ 'അയ്യപ്പനും കോശിയും' പാറ്റേണ്‍ പിന്തുടരാന്‍ 'വിലായത്ത് ബുദ്ധ'യില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി പരാജയപ്പെടുന്നു. 
 
മറയൂരിലെ ചന്ദനമരങ്ങള്‍ക്കിടയിലൂടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് അവതരിപ്പിക്കുകയാണ് 'വിലായത്ത് ബുദ്ധ'. ചന്ദനത്തിലെ രാജാവായ 'വിലായത്ത് ബുദ്ധ'യ്ക്കു വേണ്ടിയുള്ള ഡബിള്‍ മോഹനന്റെയും (പൃഥ്വിരാജ്), ഭാസ്‌കര്‍ മാഷിന്റെയും (ഷമ്മി തിലകന്‍) പോരടിക്കല്‍ പ്രേക്ഷകരെ അത്രകണ്ട് ഉദ്വേഗഭരിതരാക്കുന്നില്ല. ഇടയ്ക്കു മാസ് ട്രാക്കിലാണെന്നും പിന്നിടെപ്പോഴോ ട്രാക്ക് കോമഡിയാണെന്നും പ്രേക്ഷകര്‍ക്കു തോന്നിപ്പോകും. ഷൂട്ട് ചെയ്തതെല്ലാം സ്‌ക്രീനില്‍ കാണിച്ചില്ലെങ്കില്‍ അതൊരു കുറവായി പോകുമോ എന്ന സംവിധായകന്റെ ധാരണ സിനിമയെ മുഷിപ്പിക്കുകയും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. 
 
രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള കോണ്‍ഫ്‌ളിക്ടിനെ, ഈഗോയെ പ്രേക്ഷകരില്‍ ഉദ്വേഗമുണ്ടാക്കുന്ന രീതിയില്‍ എഴുതാനും അവതരിപ്പിക്കാനും അസാമാന്യ കഴിവുള്ള തിരക്കഥാകൃത്തും ഫിലിം മേക്കറുമാണ് സച്ചി. അങ്ങനെയൊരു എഴുത്തുകാരന്റെയും മേക്കറുടെയും അഭാവം 'വിലായത്ത് ബുദ്ധ'യെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജി.ആര്‍.ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥയില്‍ എത്രകണ്ട് പരിശ്രമം നടത്തിയിട്ടും കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളെ പ്രേക്ഷകരിലേക്ക് അതേപടി പകര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. സംവിധായകന്‍ ജയന്‍ നമ്പ്യാരിനും സച്ചി മനസില്‍ കണ്ട 'വിലായത്ത് ബുദ്ധ'യെ സ്‌ക്രീനിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. കഥ നടക്കുന്ന ഭൂമികയിലേക്ക് പ്രേക്ഷകര്‍ക്ക് സ്വയം പ്ലേസ് ചെയ്യാന്‍ പറ്റാതെ വരുന്നിടത്ത് ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം പോലും അലോസരമായി തോന്നിയേക്കാം. അരവിന്ദ് കശ്യപിന്റെയും രണദിവേയുടെയും ഛായാഗ്രഹണം ആശ്വാസമാണ്. 
 
സച്ചി അയ്യപ്പനും കോശിയിലും ചെയ്തതുപോലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പോരാട്ടത്തെ അഡ്രസ് ചെയ്യാന്‍ 'വിലായത്ത് ബുദ്ധ'യില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് 'ഏച്ചുകെട്ടിയാല്‍ മുഴച്ചുനില്‍ക്കും' എന്നുപറയും പോലെ പ്രേക്ഷകരില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ കടന്നുപോകുന്നു. രണ്ട് കഥാപാത്രങ്ങള്‍ക്കിടയിലെ ഈഗോയും അതേ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും അവതരിപ്പിക്കുമ്പോള്‍ ഒരേസമയം രണ്ട് പേര്‍ക്കൊപ്പവും നില്‍ക്കാന്‍ പാകത്തിനു പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുന്ന 'സച്ചി മാജിക്ക്' പ്രതീക്ഷിച്ചു 'വിലായത്ത് ബുദ്ധ'യ്ക്കു ടിക്കറ്റെടുക്കരുത്. കഥാപാത്രം ആവശ്യപ്പെടുന്നതിനേക്കാള്‍ 'ഓവര്‍ ദി ടോപ്പ്' പെര്‍ഫോമന്‍സ് പൃഥ്വിരാജിന്റെ ഡബിള്‍ മോഹനനെ വിരസമാക്കുമ്പോള്‍ ഷമ്മി തിലകന്റെ ഭാസ്‌കരന്‍ മാഷ് മാത്രമാണ് പ്രകടനങ്ങളില്‍ അല്‍പ്പം ആശ്വാസം തരുന്നത്. അപ്പോഴും തിലകനെ അതേപടി ആവര്‍ത്തിക്കാന്‍ ഷമ്മി തിലകന്‍ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്, അത് കല്ലുകടിയായി തോന്നി. 
കഥാപാത്രങ്ങള്‍ക്കു ആത്മാവ് നഷ്ടമാകുമ്പോള്‍ സിനിമകള്‍ വാചക കസര്‍ത്തില്‍ മാത്രം ഒതുങ്ങിപോകുന്നത് പതിവ് കാഴ്ചയാണ്. വിഷ്വലി, ഇമോഷണലി പ്രേക്ഷകരെ ഹൂക്ക് ചെയ്യാതെ മൂന്ന് മണിക്കൂറോളം ഫ്‌ളാറ്റായി പോകുന്ന ഒരു സിനിമയാണ് 'വിലായത്ത് ബുദ്ധ'. ഒരുപക്ഷേ കൈയടക്കമുള്ള തിരക്കഥയുണ്ടായിരുന്നെങ്കില്‍ അല്‍പ്പംകൂടി മെച്ചപ്പെട്ട സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്കു ലഭിക്കുമായിരുന്നെന്ന് തോന്നി. 
 
റേറ്റിങ്: 2/5 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്'; ശല്യം ചെയ്യുന്ന പയ്യനോടു മമ്മൂട്ടി (വീഡിയോ)