Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kaantha Movie Review: സിനിമയ്ക്കുള്ളിലെ സിനിമ, നടിപ്പിന്‍ നായകനായി ദുല്‍ഖര്‍; 'കാന്ത' റിവ്യു

1950 കളിലെ ഒരു സൂപ്പര്‍സ്റ്റാറിനെ ശരീരഭാഷ കൊണ്ട് പോലും പക്വതയോടെ അവതരിപ്പിക്കാന്‍ ദുല്‍ഖറിനു സാധിച്ചു. നെപ്പോ കിഡില്‍ നിന്ന് താരത്തിലേക്കും അവിടെ നിന്ന് നടനിലേക്കുമുള്ള ദുല്‍ഖറിന്റെ വളര്‍ച്ചയുടെയും പ്രയത്‌നത്തിന്റെയും അടുത്തൊരു ഘട്ടമെന്ന്...

Kaantha Movie Review, Kaantha Review, Kaantha Dulquer Salmaan, Kaantha Movie Tamil, Kaantha Malayalam Review, Nelvin Gok Review, കാന്ത റിവ്യു, കാന്ത മലയാളം റിവ്യു, കാന്ത തമിഴ് റിവ്യു, കാന്ത റിവ്യു

Nelvin Gok

, വെള്ളി, 14 നവം‌ബര്‍ 2025 (22:01 IST)
Kaantha Movie Review

Nelvin Gok / [email protected]
Kaantha Review: സിനിമയ്ക്കുള്ളിലെ സിനിമയാണ് 'കാന്ത', 1950 കളിലെ മദ്രാസും തമിഴ് സിനിമയും മിഴിവോടെ പകര്‍ത്തിയിരിക്കുന്ന ഒരു റെട്രോ പിരീഡ് ഡ്രാമ. തിരക്കഥാകൃത്തും സംവിധായകനുമായ സെല്‍വമണി സെല്‍വരാജ് ആദ്യ പകുതിയില്‍ തിരക്കഥയോടു പുലര്‍ത്തിയ നീതിയും മേക്കിങ്ങിലെ കൈയടക്കവും രണ്ടാം പകുതിയിലും തുടര്‍ന്നിരുന്നെങ്കില്‍ സംശയമൊന്നുമില്ലാതെ 'ക്ലാസിക്' എന്നു ഉറപ്പിച്ചു വിളിക്കാമായിരുന്നു ! 
 
സൂപ്പര്‍താരം ടി.കെ.മഹാദേവനും (ദുല്‍ഖര്‍ സല്‍മാന്‍), അയാളുടെ ഗുരുവും സംവിധായകനുമായ എപികെ അയ്യയും (സമുദ്രക്കനി) തമ്മിലുള്ള ഈഗോ ക്ലാഷാണ് 'കാന്ത'യുടെ പ്രധാന പ്ലോട്ട്. പരസ്പരം പ്രിയപ്പെട്ടവരായിരുന്ന രണ്ട് മനുഷ്യര്‍ പ്രൊഫഷണല്‍ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നു രണ്ട് കരയിലാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു ജോലി ചെയ്യേണ്ടിവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇരുവരും തമ്മിലുള്ള ഈഗോ മൂലമുണ്ടാകുന്ന സങ്കീര്‍ണതകളുമാണ് ആദ്യ പകുതിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈഗോയിസ്റ്റുകളായ രണ്ട് പേര്‍ തമ്മിലുള്ള സംഘര്‍ഷത്തെ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്കു രണ്ടുപേരുടെയും ഭാഗത്ത് ശരിയുണ്ടെന്ന് തോന്നണം, രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടെന്നും. അങ്ങനെ വരുമ്പോള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള കോണ്‍ഫ്‌ളിക്ട് പ്രേക്ഷകരെയും കണ്‍ഫ്യൂഷനിലാക്കും. 'കാന്ത'യുടെ ആദ്യപകുതി ഈ മാനദണ്ഡം വെച്ച് പൂര്‍ണമായി വിജയിക്കുകയും പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. ആദ്യപകുതിയെ ഗംഭീരമെന്ന് തന്നെ വിശേഷിപ്പിക്കാം. 
 
എന്നാല്‍ രണ്ടാം പകുതിയിലേക്ക് വരുമ്പോള്‍ തിരക്കഥയിലും സംവിധാനത്തിലും അല്‍പ്പം അലസമനോഭാവം വരുന്നു. സാങ്കേതിക മികവുകൊണ്ട് ആ ന്യൂനതകളെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരില്‍ സമ്പൂര്‍ണ ആത്മസംതൃപ്തി സിനിമ തരുന്നില്ല. പിരീഡ് ഡ്രാമ എന്നതില്‍ നിന്ന് ഒരു ക്രൈം ത്രില്ലറിലേക്ക് സിനിമയുടെ സ്വഭാവം മാറുന്നുണ്ട്. ആദ്യപകുതിയിലെ സ്വാഭാവികമായ ഒഴുക്കും സിനിമയ്ക്കു അപ്പോള്‍ നഷ്ടമാകുന്നു.
 
ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് കാന്തയിലെ നായകവേഷം. 1950 കളിലെ ഒരു സൂപ്പര്‍സ്റ്റാറിനെ ശരീരഭാഷ കൊണ്ട് പോലും പക്വതയോടെ അവതരിപ്പിക്കാന്‍ ദുല്‍ഖറിനു സാധിച്ചു. നെപ്പോ കിഡില്‍ നിന്ന് താരത്തിലേക്കും അവിടെ നിന്ന് നടനിലേക്കുമുള്ള ദുല്‍ഖറിന്റെ വളര്‍ച്ചയുടെയും പ്രയത്‌നത്തിന്റെയും അടുത്തൊരു ഘട്ടമെന്ന് പോലും വിശേഷിപ്പിക്കാവുന്ന തരത്തില്‍ അത്ര നിയന്ത്രിതമായും മികവോടെയുമാണ് ടി.കെ.മഹാദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അയ്യ എന്ന കഥാപാത്രം ഇടയ്‌ക്കെ വളരെ സൈലന്റും ചിലപ്പോഴൊക്കെ ഓവര്‍ ദി ടോപ്പ് പെര്‍ഫോമന്‍സ് ഡിമാന്‍ഡ് ചെയ്യുന്നതുമായിരുന്നു. ഈ കഥാപാത്രത്തെ സമുദ്രക്കനി ഗംഭീരമാക്കി. നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഭാഗ്യശ്രീ ബോര്‍സിന്റെ പ്രകടനവും നന്നായിരുന്നു. ചിലയിടത്തെല്ലാം ചിരിപ്പിച്ചെങ്കിലും ഷെര്‍ലക് ഹോംസ് സ്റ്റൈലിലുള്ള റാണ ദഗുബട്ടിയുടെ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ വേഷം അത്രത്തോളം ഇംപ്രസീവ് ആയിരുന്നില്ല. 
 
1950 കളെ വളരെ മനോഹരമായി അവതരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം ഛായാഗ്രഹകന്‍ ഡാനി സാഞ്ചസ് - ലോപ്പസ് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിര്‍വഹിച്ചിരിക്കുന്നു. ഝാനു ചന്തറിന്റെ പാട്ടുകളും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും 'കാന്ത'യെ ടെക്‌നിക്കലി കൂടുതല്‍ മികച്ചതാക്കി. സഞ്ജന ശ്രീനിവാസ്, പൂജിത എന്നിവരുടെ വസ്ത്രാലങ്കാരവും പ്രശംസ അര്‍ഹിക്കുന്നു. 
 
മികച്ച ആദ്യപകുതിയും കേവല തൃപ്തി തരുന്ന രണ്ടാം പകുതിയുമാണ് 'കാന്ത'. ടെക്‌നിക്കല്‍ സൈഡിലെല്ലാം വളരെ മികവ് പുലര്‍ത്തുന്ന ഈ സിനിമ തിയറ്റര്‍ വാച്ച് ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. സ്ലോ പേസിലുള്ള കഥ പറച്ചിലും സിനിമയുടെ ദൈര്‍ഘ്യവും ഒരു വിഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാം. അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്താലും നിരാശപ്പെടേണ്ടിവരില്ല. 
 
റേറ്റിങ് : 3/5

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുനാൾ അമ്മയുടെ ഈ 'അശ്ലീല' ചിത്രങ്ങൾ അവൻ കാണും; ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു: വൈറൽ താരം