Publish Date: Wed, 27 Mar 2019 (20:20 IST)
Updated Date: Wed, 27 Mar 2019 (20:25 IST)
ലാറ്റിനമേരിക്കൻ ഫുട്ബോൾ സൌഹൃദ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ബ്രസീൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. കളിയിൽ കൃത്യമായ ആധിപത്യം നിലനിർത്തിയാണ് ലോക റാങ്കിംഗിൽ 44ആം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കിനെ ബ്രസീൽ പരാജയപ്പെടുത്തിയത്.
ഫോമിലേക്ക് മടങ്ങിയെത്തിയ ഗബ്രിയേൽ ജെസ്യൂസിന്റെ ഇരട്ട ഗോളുകളാണ് ചെക്ക് റിപ്പബ്ലിക്കിന് കനത്ത പ്രഹരമേൽപ്പിച്ചത്. ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കളിയുടെ 37ആം മിനിറ്റിൽ ഡേവിഡ് പാവെൽക്കയിലൂടെ ചെക്ക് റിപ്പബ്ലിക്കണ് ആദ്യ ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ 49ആം മിനിറ്റിൽ ലിവർപൂൾ താരം ഫിർമീനോ ബ്രസീലിനായി സമനില ഗോൾ കണ്ടെത്തി.
ഈ മത്സരവും സമനിലയിൽ കലാശിക്കും എന്ന് തോന്നലുണ്ടാക്കിയെങ്കിലും കളിയുടെ അവസാന നിമിഷങ്ങളിൽ 80ആം മിനിറ്റിലും 90ആം മിനിറ്റിലുമായി ജെസ്യൂസ് ഇരട്ട ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ 76ആം റാങ്കുകാരായ പനാമയോട് ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.