മെസ്സിയും യമാലും നേർക്കുനേർ വരുന്നു, ഫൈനലീസിമ മത്സരതീയതിയായി, ലുസൈൽ സ്റ്റേഡിയം വേദിയാകും
ഇതിഹാസ താരം മെസ്സിയും യംഗ് സെന്‍സേഷനായ ലാമിന്‍ യമാലും പരസ്പരം ഏറ്റുമുട്ടുന്നതിന് ഇതോടെ ലോകം സാക്ഷിയാകും.
ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫൈനലീസിമ പോരാട്ടത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ. 2026 മാര്‍ച്ച് 27ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാകും പോരാട്ടം. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോകപ്പ് വിജയികളായ സ്‌പെയിനും തമ്മിലാകും ഏറ്റുമുട്ടുക. ഇതിഹാസ താരം മെസ്സിയും യംഗ് സെന്‍സേഷനായ ലാമിന്‍ യമാലും പരസ്പരം ഏറ്റുമുട്ടുന്നതിന് ഇതോടെ ലോകം സാക്ഷിയാകും.
2026ലെ ലോകകപ്പിന് മുന്‍പായി നടക്കുന്ന മേജര്‍ പോരാട്ടമെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് ഫൈനലിസിമയ്ക്കുള്ളത്. അര്‍ജന്റീനയാണ് നിലവിലെ ഫൈനലീസിമ ചാമ്പ്യന്മാര്‍. 2022ല്‍ യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ വീഴ്ത്തിയാണ് മെസ്സിയും സംഘവും കിരീടം സ്വന്തമാക്കിയത്. ചരിത്രത്തില്‍ 3 തവണ മാത്രമാണ് ഫൈനലിസിമ മത്സരങ്ങള്‍ നടന്നിട്ടുള്ളത്. ഇതില്‍ 2 തവണ അര്‍ജന്റീന കിരീടമുയര്‍ത്തി. 1985ല്‍ ഉറുഗ്വയെ വീഴ്ത്തി ഫ്രാന്‍സാണ് ആദ്യ കിരീടം ഉയര്‍ത്തിയത്. 1993ലായിരുന്നു അര്‍ജന്റീനയുടെ ആദ്യ കിരീടനേട്ടം. ഡെന്മാര്‍ക്കിനെയായിരുന്നു അന്ന് അര്‍ജന്റീന പരാജയപ്പെടുത്തിയത്.