Adrian Luna: ക്ലബിന്റെയും തന്റെയും പ്രകടനങ്ങളില്‍ നിരാശന്‍, അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, ഇന്ത്യയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍
അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ഉറുഗ്വേ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണുകളിലെ പ്രധാനതാരവുമായ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2027 വരെ കരാര്‍ ബാക്കിയുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ ക്ലബിന്റെയും തന്റെയും പ്രകടനം മോശമായതിന്റെ അടിസ്ഥാനത്തില്‍ താരം ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33കാരനായ അഡ്രിയാന്‍ ലൂണ.
കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന താരം ഐഎസ്എല്ലില്‍ മറ്റ് ക്ലബുകളിലേക്ക് മാറിലെന്നാണ് സൂചന. മുംബൈ എഫ് സി, എഫ് സി ഗോവ എന്നീ ടീമുകള്‍ താരത്തിനായി രംഗത്തുണ്ടെങ്കിലും ലൂണയ്ക്ക് ബ്ലാസ്റ്റേഴ്‌സിലല്ലാതെ മറ്റ് ടീമുകളില്‍ കളിക്കാന്‍ താത്പര്യമില്ലെന്നാണ് സൂചന. ടീം വിടുന്ന കാര്യം പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് വിവരം.
2021 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ലൂണ 75 മത്സരങ്ങളില്‍ നിന്നും 13 ഗോളുകളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ലൂണ കാഴ്ചവെച്ചത്. സീസണില്‍ ക്ലബിന്റെ പ്രകടനവും മോശമായതോടെ സീസണിന് ശേഷം ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അഡ്രിയാന്‍ ലൂണ സൂചിപ്പിച്ചിരുന്നു.