മാസങ്ങളായി നീണ്ടുനില്‍ക്കുന്ന ലയണല്‍ മെസ്സിയുമായി ചുറ്റിപറ്റി നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും നവംബറില്‍ കേരളത്തിലെത്തും. ഇത് സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ച വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.
നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിപ്പ്. കേരളത്തിന് പുറമെ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങള്‍ നടക്കുക. അതേസമയം ആരായിരിക്കും അര്‍ജന്റീനയ്ക്ക് എതിരാളികള്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസ്സി കേരളത്തിലെത്തുന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.