Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍
2026 ഫിഫ ലോകകപ്പിനു ശേഷം വിരമിക്കുമെങ്കില്‍ സ്വന്തം നാട്ടില്‍ മെസിയുടെ അവസാന മത്സരമായിരുന്നു വെനസ്വേലയ്‌ക്കെതിരെ നടന്നത്
Lionel Messi: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ 3-0 ത്തിനു തോല്‍പ്പിച്ച് അര്‍ജന്റീന. ലയണല്‍ മെസി ഇരട്ടഗോള്‍ നേടി. ലൗത്താറോ മാര്‍ട്ടിനെസ് ആണ് ഒരു ഗോള്‍ നേടിയത്.
2026 ഫിഫ ലോകകപ്പിനു ശേഷം വിരമിക്കുമെങ്കില്‍ സ്വന്തം നാട്ടില്‍ മെസിയുടെ അവസാന മത്സരമായിരുന്നു വെനസ്വേലയ്‌ക്കെതിരെ നടന്നത്. വിരമിക്കലിനെ കുറിച്ച് മെസി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ലോകകപ്പിനു ശേഷം മെസി രാജ്യാന്തര ഫുട്‌ബോള്‍ തുടരാന്‍ സാധ്യത കുറവാണ്.
ലോകകപ്പിനു മുന്‍പ് അര്‍ജന്റീനയ്ക്കു ഇനി സ്വന്തം നാട്ടില്‍ മത്സരങ്ങളില്ല. അതിനാല്‍ വെനസ്വേലയ്‌ക്കെതിരായ കളി കാണാന്‍ മെസി ആരാധകര്‍ ഒഴുകിയെത്തി. ഗ്രൗണ്ട് മുഴുവന്‍ 'മെസി' വിളികളില്‍ മുഴുകി. ഒന്നാമത്തെയും മൂന്നാമത്തെയും ഗോളുകളാണ് മെസി സ്‌കോര്‍ ചെയ്തത്. മാര്‍ട്ടിനെസ് നേടിയത് രണ്ടാം ഗോള്‍.
38 പോയിന്റോടെ ലോകകപ്പ് യോഗ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. 12 ജയം, രണ്ട് സമനില, മൂന്ന് തോല്‍വി എന്നിങ്ങനെ 38 പോയിന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിയോടെ വെനസ്വേല 18 പോയിന്റ് മാത്രമായി പട്ടികയില്‍ ഏഴാം സ്ഥാനത്ത്. ആദ്യ ആറ് സ്ഥാനക്കാര്‍ മാത്രമാണ് ലോകകപ്പിനു യോഗ്യത നേടുക.