സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കുന്ന ഘട്ടമാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. ആര്‍ത്തവ വിരാമത്തിന് മുന്‍പ് ആര്‍ത്തവം അവസാനിക്കാറായി എന്ന സൂചന ശരീരത്തിന് നല്‍കുന്ന ഒരു പരിവര്‍ത്തനഘട്ടമുണ്ടാകും. ഇതാണ് പ്രിമെനോപോസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണമായി 40 കഴിഞ്ഞ സ്ത്രീകളിലാണ് ഈ ലക്ഷണങ്ങള്‍ കാണാറുള്ളത്. എന്നാല്‍ വിര്‍ജീനിയ സര്‍വകലാശാല ഗവേഷകയായ ഡോ ജെന്നിഫര്‍ പെയ്‌നി നടത്തിയ പഠനത്തില്‍ 30 കഴിഞ്ഞ സ്ത്രീകളിലും പ്രിമെനോപോസ് ലക്ഷണങ്ങള്‍ കണ്ടെത്തി.
30കളില്‍ സാധാരണയായി ഈ ഘട്ടം എത്താറില്ല എന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നതോടെ സങ്കീര്‍ണ്ണത ഒഴിവാക്കാനാകുമെന്നും ഗവേഷക പറയുന്നു. 30നും 35നും പ്രായമായ 4,432 യു എസ് വനിതകളില്‍ നടത്തിയ സര്‍വേയില്‍ പകുതിയോളം സ്ത്രീകളില്‍ ഏതാണ്ട് ഒരേ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അത് പ്രിമെനോപോസ് ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇത്രയും കാലം 50കളിലും 40കളിലുമാണ് ആര്‍ത്തവവിരാമവും പ്രിമെനോപോസ് ലക്ഷണങ്ങളും കണ്ടിരുന്നതെങ്കില്‍ അത് നേരത്തെയാകുന്നതിന്റെ സൂചനയാണ് പഠനം നല്‍കുന്നത്. പലരും 30കളിലെ പ്രിമെനോപോസുമായി ബന്ധപ്പെട്ട ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങളെ തള്ളികളയുകയാണ് ചെയ്യാറുള്ളത്. ആര്‍ത്തവക്രമക്കേടുകള്‍ നേരത്തെയുള്ള പ്രിമെനോപോസ് ലക്ഷണമാകാം. സൈക്കോളജിക്കല്‍ ലക്ഷണങ്ങളായ ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത കൂടാതെ മൂത്രാശയ പ്രശ്‌നങ്ങള്‍, ലൈംഗികശേഷിക്കുറവ്, യോനിയിലെ വരള്‍ച്ച എന്നിവ പ്രിമെനോപോസുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാകാം. ഹോട്ട് ഫ്‌ളാഷുകളും രാത്രി അമിതമായി വിയര്‍ക്കുന്നതുമാണ് ആര്‍ത്തവവിരാമത്തിന്റെ പ്രധാനലക്ഷണങ്ങള്‍.