വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു
ഒരു ഓട്ടോയില്‍ നിന്ന് കിറ്റുകള്‍ ഇറക്കുന്നതിനിടെയാണ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെത്തിയത്.
വയനാട്: കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് എമിലിയില്‍ മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ ചിത്രയുടെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രി 8 മണിയോടെയാണ് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തത്. 15 കിറ്റുകള്‍ പിടിച്ചെടുത്തതായി കല്‍പ്പറ്റ പോലീസ് അറിയിച്ചു. ഒരു ഓട്ടോയില്‍ നിന്ന് കിറ്റുകള്‍ ഇറക്കുന്നതിനിടെയാണ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെത്തിയത്.
ഭക്ഷണ കിറ്റുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശ് പറഞ്ഞു. ഭക്ഷണ കിറ്റുകള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിച്ചതായി എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.