അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ കാബൂൾ വിമാനത്താവളത്തിൽ കൂട്ട പലായനം. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്‌ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്..
കൈക്കുഞ്ഞുങ്ങളടക്കം ആയിരക്കണക്കിന് ജനങ്ങളാണ് ഈ കൂട്ടത്തിലുള്ളത്. അതേസമയം നിലവിൽ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.കാബൂള്‍ വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തതാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിൽ പരിധിയിൽ കവിഞ്ഞ് ആളുകൾ കയറിയതിനാൽ പല വിമാനങ്ങൾക്കും പറന്നുയരാൻ സാധിച്ചില്ലെന്നും ചില ആളുകളെ വിമാനങ്ങളില്‍ നിന്ന് ഇറക്കി വിടേണ്ടി വന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തെ സ്ഥിരീകരിക്കുന്നതാണ് പുറത്ത് വരുന്ന ചിത്രങ്ങൾ.
റിപ്പോർട്ടുകൾ പ്രകാരം കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്.