അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ മസാര്‍ ഇ ഷെരീഫിന് സമീപമാണ് ഭൂചലനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ മസാര്‍ ഇ ഷെരീഫിന് സമീപമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. കനത്ത നാശനഷ്ടങ്ങള്‍ക്കും വ്യാപക ദുരന്തത്തിനും സാധ്യതയുള്ളതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏകദേശം 5 ലക്ഷത്തിലധികം ആളുകളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്. ഭൂചലനത്തിന് പിന്നാലെ സോള്‍ഗര ജില്ലയില്‍ നാലുപേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവ് എക്‌സില്‍ കുറിച്ചു. അതേ സമയം റിപ്പോര്‍ട്ടുകള്‍ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വീടുകള്‍ തകരുമെന്ന് കരുതി നിരവധിപേര്‍ തെരുവുകളിലേക്ക് ഓടിയതായി എഎഫിപി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 6.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. പാകിസ്ഥാനിലും വടക്കേ ഇന്ത്യയിലെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്.