'ഓപ്പറേഷൻ സിന്ദൂര്‍'; പേരിനായി സിനിമാക്കാരുടെ തള്ളിക്കയറ്റം!
ഇന്ത്യൻ മോഷൻ പിക്ചര്‍ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനില്‍ 15 നിർമാതാക്കളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പഹൽഗാമിലെ തീവ്രവാദാക്രമണത്തിന് മറുപടിയായിപാകിസ്ഥാനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ച് ബോളിവുഡടക്കമുള്ള സിനിമാ മേഖലയും ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദുര്‍ എന്ന പേരിനായി പതിനഞ്ചോളം സിനിമാ നിര്‍മാതാക്കള്‍ രംഗത്ത്. ഇന്ത്യൻ മോഷൻ പിക്ചര്‍ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനില്‍ 15 നിർമാതാക്കളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അശോക് പണ്ഡിറ്റ്, മധുര്‍ ഭണ്ടാര്‍കര്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ടി സീരീസ്, സീ സ്റ്റുഡിയോസ് തുടങ്ങിയ കമ്പനികളും പേരിനായി രംഗത്ത് ഉണ്ടെന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ സ്റ്റുഡിയോ ട്രേഡ്‍മാര്‍ക്കിനായ അപേക്ഷ രജിസ്റ്റര്‍ ചെയ്‍തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ട്രേഡ് മാര്‍ക്ക് അപേക്ഷ പിൻവലിക്കുന്നതായി റിലയൻസ് കമ്പനി പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനിയിലെ ജൂനിയറായ ഒരു ജീവനക്കാരൻ മുൻകൂര്‍ അനുമതി തേടാതെ അപേക്ഷ നല്‍കുകയായിരുന്നു എന്നു റിയലൻസ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ട്രേഡ്‍മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ആ പേരില്‍ സിനിമയും സീരീസും മറ്റും നിര്‍മിക്കാം. ഇന്ത്യയില്‍ അതിന് നിയമ തടസ്സമില്ല. ഇന്ത്യയില്‍ സൈന്യത്തിന്റെ ഓപ്പറേഷനുകള്‍ മുമ്പ് സിനിമയായി വന്നിട്ടുമുണ്ട്. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി വന്ന ഉറി: സര്‍ജിക്കല്‍ സ്‍ട്രൈക്ക് മികച്ച പ്രേക്ഷക പ്രതികരണവും നിരൂപകപ്രശംസയും നേടിയിരുന്നു. വിക്കി കൗശലായിരുന്നു നായകനായി വേഷമിട്ടത്. ആദിത്യ ധര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ യാമി ഗൗതമായിരുന്നു നായിക വേഷത്തില്‍ എത്തിയത്.