ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു സംഘര്‍ഷം ഒഴിവാക്കി; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്
നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടോയുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടോയുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. യുദ്ധങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ തങ്ങള്‍ ഏറെ വിജയം കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യ -പാക്ക് സംഘര്‍ഷം മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരാഴ്ചയ്ക്കിടെ അത് ആണവ യുദ്ധത്തിലേക്ക് കടക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ പാക്ക് സംഘര്‍ഷത്തെ ഒത്തുതീര്‍പ്പാക്കാന്‍ വ്യാപാരത്തെയാണ് താന്‍ ഉപയോഗിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സംഘര്‍ഷം പരിഹരിക്കുന്നത് വരെ വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കില്ലെന്ന് അറിയിച്ചു. അതുകൊണ്ട് അവര്‍ സംഘര്‍ഷം നിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ നിരവധി തവണ വിശദീകരിച്ചതാണ്. അമേരിക്കയുമായി വ്യാപാര സംബന്ധമായ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.