ഗാസയില്‍ ഹമാസ് കൊലപാതകങ്ങള്‍ തുടര്‍ന്നാല്‍ അവിടെ ചെന്ന് അവരെ തീര്‍ക്കുകയല്ലാതെ യുഎസിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പിലെ തങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്. യുദ്ധസമയത്ത് ഇസ്രായേല്‍ സേനയുമായി സഹകരിച്ചെന്ന് കരുതുന്ന പലസ്തീനികളെയാണ് ഹമാസ് ലക്ഷ്യമിടുന്നത്.
ഹമാസ് ഗാസയില്‍ ആളുകളെ കൊല്ലുന്നത് തുടര്‍ന്നാല്‍ അകത്ത് കയറി അവരെ കൊല്ലുകയല്ലാതെ ഞങ്ങള്‍ മാര്‍ഗമുണ്ടാകില്ല. ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. യുഎസ് സൈന്യം നേരിട്ട് ഇതില്‍ പങ്കാളികളാകില്ല. എന്നാല്‍ ഞങ്ങളോട് വളരെ അടുത്തുള്ള ആളുകളുണ്ട്. അവര്‍ ആ ജോലി വളരെ എളുപ്പത്തില്‍ പോയി ചെയ്യും. അത് നടക്കുക ഞങ്ങളുടെ മേല്‍നോട്ടത്തിലാകും ട്രംപ് പറഞ്ഞു.
കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ ഇസ്രായേലിനെ യുദ്ധം ചെയ്യാന്‍ അനുവദിക്കുമെന്ന് കര്‍ശനമായ ഭാഷയില്‍ ട്രംപ് സൂചിപ്പിച്ചു. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇസ്രായേല്‍ സൈന്യം ഗാസയിലെ തെരുവുകളിലേക്ക് തിരിച്ചെത്തു. ഇസ്രായേലിന് അകത്തുകയറി അവരെ ഇടിച്ചുനിരത്താന്‍ കഴിയുമെങ്കില്‍ അവരത് ചെയ്യും. സിഎന്‍എനുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു.