Chennai Super Kings: ചെന്നൈയിൽ നിന്നും സ്കൂൾ വിട്ട പോലെ താരങ്ങൾ പുറത്തേക്ക്, താരലേലത്തിന് മുൻപ് സെറ്റപ്പ് അടിമുടി മാറ്റും
വിദേശതാരങ്ങളടക്കം നിരവധി പേരെ ചെന്നൈ താരലേലത്തിന് മുന്‍പായി കൈവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഐപിഎല്‍ താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നേരത്തെ രവീന്ദ്ര ജഡേജയേയും സാം കറനെയും കൈമാറി സഞ്ജു സാംസണെ ചെന്നൈ പാളയത്തിലെത്തിച്ചിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ധാരണയുണ്ടായതായാണ് വിവരം.
ഈ താരങ്ങള്‍ക്ക് പുറമെ വിദേശതാരങ്ങളടക്കം നിരവധി പേരെ ചെന്നൈ താരലേലത്തിന് മുന്‍പായി കൈവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ. വിദേശതാരങ്ങളായ രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ എന്നിവരെ ചെന്നൈ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്. ഓസീസ് പേസറായ നഥാന്‍ എല്ലിസിനായി നിരവധി ടീമുകള്‍ രംഗത്തുണ്ടെങ്കിലും ചെന്നൈ എല്ലിസിനെയും പതിരാനയേയും കൈവിടില്ല.
ഇത്രയും താരങ്ങളെ കൈവിടുന്നതോടെ താരലേലത്തില്‍ 30 കോടി രൂപയെങ്കിലും ചെന്നൈയുടെ പേഴ്‌സിലുണ്ടാകും. മെഗാ താരലേലത്തില്‍ 6.25 കോടി രൂപയാണ് കോണ്‍വെയ്ക്കായി ചെന്നൈ മുടക്കിയത്. 1.8 കോടി രൂപയ്ക്ക് രചിന്‍ രവീന്ദ്രയേയും 1.70 കോടിയ്ക്ക് ദീപക് ഹൂഡയേയും ചെന്നൈ സ്വന്തമാക്കിയിരുന്നു. നഥാന്‍ എല്ലിസിനായി 2 കോടിയാണ് ചെന്നൈ മുടക്കിയത്.