രാജസ്ഥാന് റോയല്‍സ് നായകനായ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം താരങ്ങളായി രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ചെന്നൈ രാജസ്ഥാന് കൈമാറും. ഇതിനുള്ള സമ്മതപത്രം സാം കറന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ നിന്നും ചെന്നൈ ടീം ഒപ്പിട്ടുവാങ്ങി. സഞ്ജുവില്‍ നിന്നും രാജസ്ഥാനും സമ്മതപത്രം വാങ്ങി.
ബിസിസിഐ, ഇസിബി ബോര്‍ഡുകളുടെ അനുമതിയോടെ താരകൈമാറ്റം പൂര്‍ത്തിയാകുമെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇന്ന് മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷികുന്ന സഞ്ജുവിന് ആശംസകളുമായി ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് വങ്കുവെച്ചിരുന്നു. വിസില്‍ പോട് എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ് ചെന്നൈ പങ്കുവെച്ചത്.
ചെന്നൈയ്ക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളും ആശംസ അറിയിച്ചിട്ടുണ്ട്. ഈ മാസം 15ന് മുന്‍പായി താരലേലത്തിന് മുന്‍പായി നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. ഇതിന് മുന്‍പായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് കരുതുന്നത്.