വയസന്‍ പടയില്‍ നിന്നും പൂര്‍ണ്ണമായും യുവനിരയിലേക്ക് ചുവട് മാറ്റി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലിന്റെ തുടക്കകാലം മുതല്‍ തന്നെ പരിചയസമ്പത്ത് എന്ന വിജയമന്ത്രമായിരുന്നു ചെന്നൈ പിന്തുടര്‍ന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കരിയറിന്റെ അവസാനഘട്ടത്തിലായിരുന്ന പല താരങ്ങളും ചെന്നൈയിലെത്തി അത്ഭുതങ്ങള്‍ കാണിച്ചവരാണ്. ചെന്നൈ സ്വന്തമാക്കിയ 5 കിരീടങ്ങളിലും ഇത്തരം താരങ്ങളുടെ പങ്ക് വലുതാണ്.
കഴിഞ്ഞ സീസണിലും ഈ രീതി തന്നെ പിന്തുടര്‍ന്ന് ഐപിഎല്ലില്‍ പരിചയസമ്പന്നരായ താരങ്ങളെയാണ് ചെന്നൈ സ്വന്തമാക്കിയത്. എന്നാല്‍ പദ്ധതികള്‍ അമ്പാടെ പാളിയതോടെ സീസണിന്റെ മദ്ധ്യേ തന്നെ ചെന്നൈ തങ്ങളുടെ സക്‌സസ് മന്ത്ര മാറ്റി. കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച യുവതാരങ്ങളായ ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍,ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെല്ലാം തിളങ്ങിയതോടെ ചെന്നൈ 90സ് അങ്കിള്‍സില്‍ നിന്നും ജെന്‍സിയിലേക്കുള്ള മാറ്റത്തിലാണ്.
ഇത്തവണ താരലേലത്തിന് മുന്‍പായി രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെയെല്ലാം ചെന്നൈ കൈവിട്ടിരുന്നു.ഇവര്‍ക്ക് പകരം ടീം നിലനിര്‍ത്തിയ ആയുഷ് മാത്ര, ഡെവാള്‍ഡ് ബ്രെവിസ്, ഉര്‍വില്‍ പട്ടേല്‍ എന്നിവരെല്ലാം മികച്ച രീതിയിലാണ് കഴിഞ്ഞ സീസണില്‍ ബാറ്റ് വീശിയത്. ഈ നിരയിലേക്ക് സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിംഗ് നിരയായി ചെന്നൈ മാറും.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ താരങ്ങളുടെ വിടവ് ചെന്നൈയെ ബാധിക്കുമെങ്കിലും 43.4 കോടി രൂപയുമായി താരലേലത്തിലെത്തുന്ന ചെന്നൈയ്ക്ക് മികച്ച താരങ്ങളെ സ്വന്തമാക്കി ഈ വിടവ് നികത്താനും സാധിക്കും. ആന്ദ്രെ റസല്‍,ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ലുയാം ലിവിങ്ങ്സ്റ്റണ്‍ തുടങ്ങിയ താരങ്ങളെയാകും ചെന്നൈ ലക്ഷ്യം വെയ്ക്കുക.
ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവരാകും ചെന്നൈയുടെ ബൗളിംഗ് നിരയെ നയിക്കുക. നൂര്‍ അഹമ്മദിന്റെ കൂടെ രവി ബിഷ്‌ണോയ്, മഹേഷ് തീക്ഷണ, വാനിന്ദു ഹസരങ്ക, ആദം സാമ്പ, രാഹുല്‍ ചഹര്‍ തുടങ്ങിയ താരങ്ങളില്‍ ചിലരെയും ചെന്നൈ നോട്ടമിട്ടേക്കും.