തങ്ങളുടെ നായകന്‍ കൂടിയായ സഞ്ജു സാംസണിന് യാത്രയയപ്പ് നല്‍കി രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ പങ്കുവെച്ച വീഡിയോയിലാണ് രാജസ്ഥാന്‍ താരത്തിന് വൈകാരികമായ യാത്രയയപ്പ് സമ്മാനിച്ചത്. സഞ്ജുവിന്റെ രാജസ്ഥാനിലെ സഹതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍,വൈഭവ് സൂര്യവന്‍ഷി, സന്ദീപ് ശര്‍മ പരിശീലകനായ കുമാര്‍ സങ്കക്കാര എന്നിവരെല്ലാം വീഡിയോയില്‍ സഞ്ജുവിനെ പറ്റി സംസാരിക്കുന്നുണ്ട്.
സഞ്ജുവിന്റെ ആര്‍ ആറിലെ തുടക്കം മുതലുള്ള കാഴ്ചകള്‍ പങ്കുവെയ്ക്കുന്ന വീഡിയോയും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. സഞ്ജുവിനെ യാത്രയയക്കുന്ന വീഡിയോയില്‍ സഞ്ജു തനിക്കൊരു മൂത്ത സഹോദരനെ പോലെയാണെന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. താന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നായകന്‍ സഞ്ജുവാണെന്നാണ് സന്ദീപ് ശര്‍മയുടെ അഭിപ്രായം. എക്കാലവും സഞ്ജുവിന്റെ ആരാധകനാണെന്നും റിയാന്‍ പരാഗും പറയുന്നു. അതേസമയം രാജസ്ഥാന്റെ ചരിത്രം പറയുമ്പോള്‍ സഞ്ജുവിനെ ഒരിക്കലും ഒഴിവാക്കാനാവില്ലെന്ന് ധ്രുവ് ജുറലും പറയുന്നു.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ടീമിലെത്തിച്ചാണ് സഞ്ജുവിനെ രാജസ്ഥാന്‍ ചെന്നൈയ്ക്ക് കൈമാറിയത്. ചെന്നൈ ടീമിലെ ആദ്യ സീസണില്‍ സഞ്ജുവിന് നായകസ്ഥാനം നല്‍കിയേക്കില്ല. 2026 സീസണില്‍ റുതുരാജ് ഗെയ്ക്ക്വാദ് തന്നെയാകും ചെന്നൈ നായകന്‍.സഞ്ജു എത്തുന്നതോടെ ടോപ് ഓര്‍ഡറില്‍ കൂടുതല്‍ ശക്തമായ ടീമായി ചെന്നൈ മാറും. കഴിഞ്ഞ സീസണിലെ പല താരങ്ങളെയും റിലീസ് ചെയ്ത് താരലേലത്തില്‍ ബൗളിംഗ് ശക്തമാക്കാനാകും ചെന്നൈ ശ്രമിക്കുക.