Josh Hazlewood Injury RCB
ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് കനത്ത തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഹേസല്‍വുഡ് കളിച്ചിരുന്നില്ല. ശേഷം ലഖ്‌നൗവിനെതിരെ നടക്കേണ്ടിയിരുന്ന മത്സരത്തിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.
ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ആര്‍സിബിയെ സന്തുലിതമായി നിലനിര്‍ത്തുന്നത് ജോഷ് ഹേസല്‍വുഡിന്റെ സാന്നിധ്യമാണ്. ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും ഹേസല്‍വുഡ് നല്‍കുന്ന ഇമ്പാക്ടാണ് ആര്‍സിബിയെ പല മത്സരങ്ങളിലും തുണച്ചത്. സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ താരം സ്വന്തമാക്കികഴിഞ്ഞു. നിലവിലെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പായി ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. നേരത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലേറ്റ പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു. അതിനാല്‍ താരത്തെ വിട്ടുനല്‍കി റിസ്‌കെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും തയ്യാറായേക്കില്ല.