ഐപിഎല്ലില്‍ തന്റെ ആദ്യമത്സരത്തിനിറങ്ങി ശ്രീലങ്കയുടെ പുതിയ ബാറ്റിംഗ് സെന്‍സേഷനായ കാമിന്ദു മെന്‍ഡിസ്. അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിംഗില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ബൗളിംഗിനെത്തിയപ്പോഴായിരുന്നു താരം ആരാധകരെ വിസ്മയിപ്പിച്ചത്. മത്സരത്തിലെ ആദ്യ ഓവറില്‍ 2 കൈകള്‍ കൊണ്ടും പന്തെറിഞ്ഞ മെന്‍ഡിസ് 4 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റും സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്കായി 50 റണ്‍സടിച്ച ആംഗ്രിഷ് രഘുവംശിയുടെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
മത്സരത്തിലെ പതിമൂന്നാം ഓവറില്‍ പന്തെറിയാനെത്തിയ മെന്‍ഡിസ് ആംഗ്രിഷ് രഘുവംശിക്കെതിരെ ഇടം കൈ കൊണ്ടാണ് എറിഞ്ഞത്. ആദ്യപന്തില്‍ സിംഗിളെടുത്ത രഘുവംശി അര്‍ധസെഞ്ചുറി തികച്ചു. അടുത്ത പന്ത് നേരിട്ടത് ഇടം കൈയ്യനായ വെങ്കടേഷ് അയ്യരായിരുന്നു. വെങ്കടേഷ് അയ്യര്‍ക്കെതിരെ വലം കൈകൊണ്ടാണ് മെന്‍ഡിസ് പന്തെറിഞ്ഞത്. ഓവറിലെ നാലാം പന്തില്‍ രഘുവംശിയെ മെന്‍ഡിസ് പുറത്താക്കുകയും ചെയ്തു.
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് മെന്‍ഡിസിന് ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സ് ബൗളിംഗ് കൊടുത്തില്ല. മത്സരത്തില്‍ ഹൈദരാബാദ് തോറ്റതോടെ കമ്മിന്‍സിന്റെ ഈ തീരുമാനത്തെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.