Lucknow Super Giants: പുറത്തായപ്പോള്‍ ഒരു ആശ്വാസജയം; തകര്‍ത്തത് ഒന്നാം സ്ഥാനക്കാരെ
മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറിയാണ് ലഖ്‌നൗവിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്
Lucknow Super Giants: പ്ലേ ഓഫ് കാണാതെ പുറത്തായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ഐപിഎല്ലില്‍ ആശ്വാസജയം. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനാണ് ലഖ്‌നൗ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിനു നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 202 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറിയാണ് ലഖ്‌നൗവിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 64 പന്തില്‍ 10 ഫോറും എട്ട് സിക്‌സും സഹിതം 117 റണ്‍സാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്. നിക്കോളാസ് പൂറാന്‍ 27 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 56 റണ്‍സുമായി പുറത്താകാതെ നിന്നു. ഏദന്‍ മാര്‍ക്രം 24 പന്തില്‍ 36 റണ്‍സ് നേടി. നായകന്‍ റിഷഭ് പന്ത് ആറ് പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ സീസണില്‍ ഉടനീളം മിന്നുംഫോമില്‍ തുടരുന്ന ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (16 പന്തില്‍ 21), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 35) എന്നിവര്‍ വേഗം മടങ്ങിയതാണ് ഗുജറാത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. ഷാരൂഖ് ഖാന്‍ (29 പന്തില്‍ 57), ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ് (22 പന്തില്‍ 38), ജോസ് ബട്‌ലര്‍ (18 പന്തില്‍ 33) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ലഖ്‌നൗവിനായി വില്യം ഒ റൂര്‍ക്ക് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.