മുഹമ്മദ് ഷമിയെ വിട്ടുകൊടുത്ത് സണ്‍റൈസേഴ്‌സ്; കാരണം ഇതാണ്
35 കാരനായ ഷമി കഴിഞ്ഞ കുറേകാലമായി ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമല്ല
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് വിട്ടു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ട്രേഡിങ്ങിലൂടെയാണ് ഷമി സണ്‍റൈസേഴ്‌സിനോടു വിടപറഞ്ഞത്. താരത്തിന്റെ പ്രായമാണ് ട്രേഡിങ്ങിലേക്കു സണ്‍റൈസേഴ്‌സിനെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
35 കാരനായ ഷമി കഴിഞ്ഞ കുറേകാലമായി ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ സീസണില്‍ ഹൈദരബാദിനായി ഒന്‍പത് മത്സരങ്ങള്‍ കളിച്ചെങ്കിലും ആറ് വിക്കറ്റുകള്‍ മാത്രമേ താരത്തിനു നേടാന്‍ സാധിച്ചുള്ളൂ. ഹൈദരബാദിലെ ബാറ്റിങ് പിച്ചില്‍ ഷമിയെ പോലൊരു ബൗളര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് സണ്‍റൈസേഴ്‌സ് ട്രേഡിങ്ങിലേക്ക് കടന്നത്.
കഴിഞ്ഞ മെഗാ താരലേലത്തില്‍ 10 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഷമിയെ സ്വന്തമാക്കിയത്. ഇതേ തുകയ്ക്കു തന്നെയാണ് ഇപ്പോള്‍ ലഖ്‌നൗവുമായി ട്രേഡിങ് നടത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സും ഷമിക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ലഖ്‌നൗവുമായുള്ള ഡീല്‍ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് അംഗീകരിച്ചു.