Sanju Samosn: ധോനി പോയാല്‍ ടീമിന്റെ മുഖമാകുന്ന പ്ലെയര്‍ വേണം, സഞ്ജുവിനോളം യോജിച്ച താരമില്ല
സഞ്ജുവിനെ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ രവീന്ദ്ര ജഡേജയെ ഫ്രാഞ്ചൈസി കൈവെടിയുന്നതിന് ആരാധകര്‍ എതിരാണ്.
ഐപിഎല്‍ പുതിയ സീസണിന്റെ മുന്നോടിയായി താരങ്ങളുടെ ട്രേഡിങ് വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് എത്തുമോ എന്ന കാര്യത്തിലാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. അതേസമയം സഞ്ജുവിനായി രവീന്ദ്ര ജഡേജയെ ചെന്നൈ കൈവിടുമെന്ന അഭ്യൂഹങ്ങള്‍ വന്നതോട് കൂടി ചെന്നൈ ആരാധകരെല്ലാം തന്നെ നിരാശരാണ്. സഞ്ജുവിനെ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ രവീന്ദ്ര ജഡേജയെ ഫ്രാഞ്ചൈസി കൈവെടിയുന്നതിന് ആരാധകര്‍ എതിരാണ്. എന്നാല്‍ ഭാവിയെ പറ്റി കണക്കിലെടുക്കുമ്പോള്‍ ചെന്നൈയ്ക്ക് സഞ്ജുവിനേക്കാള്‍ അനുയോജ്യനായ താരത്തെ ലഭിക്കില്ലെന്ന് ഉറപ്പാണ്.
എം എസ് ധോനി ദീര്‍ഘകാലം ഐപിഎല്‍ ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നിരിക്കെ ധോനിക്ക് പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ബാധ്യത ചെന്നൈയ്ക്ക് മുന്നിലുണ്ട്.കൂടാതെ 37കാരനായ ജഡേജയ്ക്ക് അധികകാലം ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളിക്കാനാവില്ലെന്ന യാഥാര്‍ഥ്യം ചെന്നൈയ്ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ടീമിന്റെ പ്രധാനതാരമാണെങ്കിലും ജഡേജയെ കൈവിടാന്‍ ചെന്നൈ തയ്യാറാവുന്നതിന്റെ പ്രധാന കാരണം.
ധോനിക്ക് വിക്കറ്റ് കീപ്പറെന്ന നിലയില്‍ മാത്രമല്ല നായകനെന്ന നിലയിലും പകരക്കാരനാകാന്‍ സഞ്ജുവിന് സാധിക്കും. നിലവില്‍ നായകനെന്ന നിലയില്‍ റുതുരാജ് ടീമിലുണ്ടെങ്കിലും ആരാധകര്‍ക്കിടയില്‍ ധോനിയെ പോലെ സ്വീകാര്യനായ ഒരു താരം ചെന്നൈ നിരയിലില്ല. അതേസമയം രാജസ്ഥാന്‍ താരമായിരുന്നെങ്കിലും സഞ്ജുവിന് ചെന്നൈ ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. അയല്‍ സംസ്ഥാനത്ത് നിന്നുള്ള താരമാണ് എന്നുള്ളതും സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളും ഇതിന് കാരണമാണ്.
ധോനിക്ക് പകരം ടീമിന്റെ മുഖമാകാന്‍ സാധിക്കുന്ന താരത്തെയാണ് ചെന്നൈ അന്വേഷിക്കുന്നതെങ്കില്‍ നിലവില്‍ അതിനായി ടെയ്ലര്‍ മെയ്ഡ് താരമാണ് സഞ്ജു എന്നതാണ് ചെന്നൈ സഞ്ജുവിനെ വിടാതെ പിടികൂടിയിരിക്കുന്നതിന് പിന്നിലെ കാരണം. ചെന്നൈ ചെപ്പോക്കിലെ സ്പിന്‍ ട്രാക്കുകളില്‍ സഞ്ജു തിളങ്ങുമോ, അവസാന നിമിഷം ട്രേഡ് നടക്കാതെ പോവുമോ എന്നുള്ളതെല്ലാം വരും ദിവസങ്ങളില്‍ വ്യക്തമാകും.