Shubman Gill: 'ഇച്ചിരി ഓവറായി'; വെങ്കടേഷിനു യാത്രയയപ്പ് നല്‍കി ഗില്‍, അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് ചെയ്തതെന്ന് ഗുജറാത്ത് നായകന്‍
തന്റെ ഉള്ളിലുള്ള വികാരം പുറത്തേക്ക് വന്നതാണ് ആ ആഘോഷപ്രകടനമെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു
Shubman Gill and Sai Kishore
Shubman Gill: ഗ്രൗണ്ടില്‍ മറ്റു താരങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്താത്ത താരമാണ് ശുഭ്മാന്‍ ഗില്‍. എന്നാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്ന ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അല്‍പ്പമൊന്ന് വൈകാരികമായി പ്രതികരിച്ചു.
കൊല്‍ക്കത്ത താരം വെങ്കടേഷ് അയ്യര്‍ പുറത്തായപ്പോഴാണ് ഗില്‍ പരിസരം മറന്ന് ആഘോഷപ്രകടനം നടത്തിയത്. കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ 12-ാം ഓവറിലായിരുന്നു സംഭവം. സായ് കിഷോര്‍ ആണ് ഗുജറാത്തിനായി ഈ ഓവര്‍ എറിഞ്ഞത്.
12-ാം ഓവറിലെ മൂന്നാം പന്തില്‍ സായ് കിഷോറിനെ ബൗണ്ടറി അടിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഷിങ്ടണ്‍ സുന്ദറിനു ക്യാച്ച് നല്‍കിയാണ് വെങ്കടേഷ് അയ്യര്‍ മടങ്ങിയത്. സ്‌ക്വയര്‍ ലെഗില്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ചെടുത്തതിനു പിന്നാലെ ഗില്‍ ആഘോഷപ്രകടനം ആരംഭിച്ചു. മുഷ്ടികള്‍ ചുരുട്ടിയായിരുന്നു ഗില്ലിന്റെ അതിവൈകാരികമായ പ്രകടനം. പിന്നീട് സായ് കിഷോറിന്റെ അടുത്തേക്ക് ഓടിയെത്തി താരത്തിന്റെ നെഞ്ചത്ത് തട്ടുകയും ചെയ്തു.
തന്റെ ഉള്ളിലുള്ള വികാരം പുറത്തേക്ക് വന്നതാണ് ആ ആഘോഷപ്രകടനമെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ കൊല്‍ക്കത്തയ്ക്കു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 55 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 90 റണ്‍സ് നേടിയ ഗില്‍ തന്നെയാണ് കളിയിലെ താരം.