Sunrisers Hyderabad: പ്ലേ ഓഫ് കാണാതെ ഹൈദരബാദും പുറത്തേക്ക്; അവസാന നാലിനായി പോരാട്ടം മുറുകുന്നു
Gujarat Titans vs Sunrisers Hyderabad: ഗുജറാത്തിനെതിരായ മത്സരത്തില്‍ 38 റണ്‍സിനാണ് ഹൈദരബാദ് തോറ്റത്
Sunrisers Hyderabad vs Gujarat Titans
Sunrisers Hyderabad: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ സണ്‍റൈസേഴ്‌സ് ഹൈദരബാദും പുറത്തേക്ക്. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു (Gujarat Titans) തോല്‍വി വഴങ്ങിയതാണ് ഹൈദരബാദിന്റെ (Sunrisers Hyderabad) പ്രതീക്ഷകള്‍ പൂര്‍ണമായി ഇല്ലാതാക്കിയത്. ഒരു മത്സരത്തില്‍ കൂടി തോറ്റാല്‍ ഹൈദരബാദ് സാങ്കേതികമായി പുറത്തായെന്നു പറയാം.
ഗുജറാത്തിനെതിരായ മത്സരത്തില്‍ 38 റണ്‍സിനാണ് ഹൈദരബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഓപ്പണര്‍ അഭിഷേക് ശര്‍മ (41 പന്തില്‍ 74) അര്‍ധ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും ഹൈദരബാദിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസിദ് കൃഷ്ണയാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി. മുഹമ്മദ് സിറാജിനും രണ്ട് വിക്കറ്റ്.
നായകന്‍ ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 76), ജോസ് ബട്‌ലര്‍ (37 പന്തില്‍ 64) എന്നിവര്‍ ഗുജറാത്തിനായി അര്‍ധ സെഞ്ചുറി നേടി. സായ് സുദര്‍ശന്‍ 23 പന്തില്‍ 48 റണ്‍സെടുത്തു.
10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ഹൈദരബാദ്. ഗുജറാത്ത് ടൈറ്റന്‍സ് 10 കളികളില്‍ ഏഴ് ജയത്തോടെ രണ്ടാം സ്ഥാനത്ത്. 11 കളികളില്‍ ഏഴ് ജയത്തോടെ മികച്ച നെറ്റ് റണ്‍റേറ്റുമായി മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്തും 13 പോയിന്റോടെ പഞ്ചാബ് കിങ്‌സ് നാലാമതും.