കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖം മിനുക്കി തിരികെയെത്തിയ പബ്‌ജി ഇന്ത്യയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് പ്രീരജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നത്. അധികം താമസിയാതെ ആപ്പ്സ്റ്റോറിലും ഗെയിം ലഭ്യമാകുമെന്നാണ് വിവരം.
ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിന്റെ പേര്.പ്രീരജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റും ലഭിക്കുമെന്ന് ഡെവലപ്പർമാരായ ക്രാഫ്റ്റൺ അറിയിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഗെയിം പ്രീരജിസ്റ്റർ ചെയ്യാൻ കഴിയും. https://www.battlegroundsmobileindia.com/ എന്ന സൈറ്റ് വഴിയും പ്രീരജിസ്റ്റർ ചെയ്യാം.
ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് പുതിയ പബ്‌ജി ഗെയിമുകൾ നിർമിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസന്റ് ഗെയിംസിന്റെ ചൈനയിലെ സെർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതായിരുന്നു പബ്‌ജിയുടെ നിരോധനത്തിന് കാരണമായത്.