കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. ഫീസിൽ ഇളവ് ആവശ്യപ്പെടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് അഭിഷേക് മനു സിങ്‌വിയെ കേസ് ഏൽപ്പിച്ചത് എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പറയുന്നത്.
കേസ് മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരനെയോ, ഗോപാൽ സുബ്രഹ്മണ്യത്തെയോ ഏൽപ്പിക്കാനായിരുന്നു ബോർഡ് തീരുമാനിച്ചിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ നിയമിച്ച അഭിഭാഷക ബോർഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് പദ്മകുമാറിന്റെ വാദം. ശബരിമലയിൽ വരുമാനം കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സിങ്‌വിയോട് ഫീസിൽ ഇളവ് ചോദിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.