'കഷ്ടമായി പോയി! ചന്ദ്രനിലേക്ക് പോകാൻ റെഡിയായി ഇരിക്കുകയായിരുന്നു'; പരിഹസിച്ച് അടൂർ ഗോപാലകൃഷ്ണൻ

തന്റെ ‘പിന്നെയും’ സിനിമയുടെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബുധന്‍, 7 ഓഗസ്റ്റ് 2019 (09:12 IST)
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ ചന്ദ്രനിലേക്ക് അയക്കണമെന്ന ബിജെപി നേതാവിന്റെ പരാമർശത്തെ പരിഹസിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.ചന്ദ്രനിലേക്ക് പോകാൻ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, ആ അധ്യായം മടക്കിയെന്ന് അവരുടെ നേതാവ് തന്നെ പറഞ്ഞത് കഷ്ടമായി പോയെന്നും അടൂർ പറഞ്ഞു. 
 
ഹിന്ദുത്വം എന്തെന്ന് മനസിലാക്കാത്തവരാണ് തനിക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ ‘പിന്നെയും’ സിനിമയുടെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് മതസ്ഥരെ അപമാനിക്കണമെന്ന് ഹിന്ദുമതത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. കുഞ്ഞുനാളിലെ തുടങ്ങിയതാണ് അമ്പിളിയമ്മാവനുമായുള്ള ബന്ധം. അവിടെ പോകാന്‍ ഭാഗ്യം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. തനിക്കെതിരെ വിമര്‍ശനമുന്നയിച്ചതില്‍ പ്രമുഖന്‍ തന്നെ ആ അദ്ധ്യായം അവസാനിച്ചതായി പറഞ്ഞതോടെ ആ അവസരമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
 
ജനാധിപത്യ രാജ്യമാണ് ഇതെന്ന് വിശ്വാസത്താലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഒരു ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയുന്നവരെ ദേശദ്രോഹികളായി മുദ്ര കുത്തരുത്. എതിരായ അഭിപ്രായങ്ങളെയും സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അടൂർ ഗോപാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; വയനാട്ടിൽ ഇന്ന് വിദ്യാഭ്യാസ് സ്ഥാപനങ്ങൾക്ക് അവധി