പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പൊള്ളലേറ്റ രണ്ടു കുട്ടികള്‍ മരിച്ചു, അമ്മയുടെ നില ഗുരുതരം
അപകടത്തില്‍ പൊള്ളലേറ്റ കുട്ടികളുടെ മാതാവ് എല്‍സി മാര്‍ട്ടിന്‍, സഹോദരിയായ അലീന എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.
പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ടു കുട്ടികള്‍ മരിച്ചു. നാലു വയസ്സുകാരി എലീനയും ആറു വയസ്സുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. പാലക്കാട് പൊല്‍പ്പള്ളിയിലാണ് കാര്‍ പൊട്ടിത്തെറിച്ച അപകടം ഉണ്ടായത്. അപകടത്തില്‍ പൊള്ളലേറ്റ കുട്ടികളുടെ മാതാവ് എല്‍സി മാര്‍ട്ടിന്‍, സഹോദരിയായ അലീന എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.
മാതാവിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് സ്വകാര്യ ആശുപത്രി നേഴ്‌സാണ് എല്‍സി. ഇവരുടെ ഭര്‍ത്താവ് 55 ദിവസം മുമ്പ് ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇന്നലെ വീട്ടിലെത്തിയ മക്കള്‍ക്കൊപ്പം കാറില്‍ പുറത്തു പോകാന്‍ ഇറങ്ങുന്നതിനിടെ മുറ്റത്ത് വച്ച് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.