Publish Date: Sun, 23 Oct 2022 (12:15 IST)
Updated Date: Sun, 23 Oct 2022 (12:17 IST)
കോഴിക്കോട്: കേവലം പന്ത്രണ്ടു ദിവസം മാത്ര പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായി. മങ്കട സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ഭർത്താവിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഭർത്താവായ പൂളക്കടവ് സ്വദേശി ആദിൽ, ഇയാളുടെ മാതാവ് സാക്കിർ എന്നിവർ ചേർന്ന് ബംഗളൂരുവിലേക്കാണ് തട്ടിക്കൊണ്ടുപോയത്. യുവതിയുടെ വിവാഹം കഴിഞ്ഞിട്ടും ഒരു വര്ഷം കഴിഞ്ഞതേയുള്ളൂ. എന്നാൽ ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കുഞ്ഞു ജനിച്ച മുതൽ തന്നെ യുവതിക്ക് കുഞ്ഞിനെ കാണാൻ സാധിച്ചിരുന്നില്ല.
സഹികെട്ട യുവതി കഴിഞ്ഞ ദിവസം രാവിലെ ചേവായൂർ പോലീസിലാണ് പരാതി നൽകിയത്. യുവതി തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും കുട്ടിയുമായി ആദിലും മാതാവും പുറത്തേക്ക് പോയിരുന്നു. എന്നാൽ ആദിൽ മുമ്പ് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതിനാൽ അവിടെക്കാവും പോയതെന്ന സംശയത്തിൽ പോലീസ് അലർട്ട് നൽകി. തുടർന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ചുതന്നെ ഇരുവരെയും കസ്റ്റഡിയിലെടുത്തു.