എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍
വയനാട്ടിലെ അട്ടമലയില്‍ കാട്ടില്‍ ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെ കാണാതായി. ഈരാറ്റുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്.
വയനാട്: വയനാട്ടിലെ അട്ടമലയില്‍ കാട്ടില്‍ ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെ കാണാതായി. ഈരാറ്റുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. കാണാതായ സ്ത്രീ എട്ട് മാസം ഗര്‍ഭിണിയാണ്. ഈരാറ്റുകുണ്ടു പ്രദേശത്തിന് താഴെ നിലമ്പൂര്‍ വനപ്രദേശമാണ്. വനം വകുപ്പും പോലീസും പട്ടികവര്‍ഗ വകുപ്പും ഈ പ്രദേശം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുകയാണ്. സ്ത്രീ അടുത്തുള്ള ചാലിയാര്‍ നദിയുടെ തീരത്തോ അതിനപ്പുറത്തോ പോയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈരാറ്റുകുണ്ടു വനമേഖലയില്‍ താമസിക്കുന്ന അഞ്ച് ആദിവാസി കുടുംബങ്ങളില്‍ ഒന്നാണ് ലക്ഷ്മിയുടേത്. ചൂരല്‍മലയില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഭക്ഷണവും മറ്റ് വിഭവങ്ങളും ശേഖരിക്കാന്‍ ഈ സമൂഹത്തിലെ ആളുകള്‍ പതിവായി കാട്ടിലേക്ക് പോകാറുണ്ട്. ഭക്ഷണം തേടി പതിവുപോലെ കാട്ടിലേക്ക് പോയ ലക്ഷ്മി ഇന്നലെ വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ആശങ്കയുണ്ടായിരുന്നു. അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പും പോലീസും സംയുക്തമായി ഇന്ന് രാവിലെ വിപുലമായ തിരച്ചില്‍ ആരംഭിച്ചു.