Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാരിന് മുകളിൽ പറക്കണ്ട, ലോകായുക്തയ്ക്ക് പൂട്ടിടാൻ നിയമഭേദഗതിയുമായി സർക്കാർ

സർക്കാരിന് മുകളിൽ പറക്കണ്ട, ലോകായുക്തയ്ക്ക് പൂട്ടിടാൻ നിയമഭേദഗതിയുമായി സർക്കാർ
, ചൊവ്വ, 25 ജനുവരി 2022 (12:19 IST)
ലോകായുക്തയുടെ അധികാരം കവരും വിധം പുതിയ നിയമനിർമാണവുമായി സർക്കാർ. ലോകായുക്ത വിധി തള്ളാൻ സർക്കാരിന് അധികാരം നൽകികൊണ്ടുള്ള നിയമഭേദഗതിയ്ക്കാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായുള്ള ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.
 
ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നും ഈ പദവിയിൽ ഇരുന്നിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം.ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി.ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക.
 
 മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദു വിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നത്. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം രൂപ,അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം,കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം എന്നിവ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നും വകമാറ്റിയതായാണ് ആരോപണം.
 
കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദുവിന്റെ കേസാണ് ലോകായുക്തയ്ക്ക് മുന്നിലുള്ള മറ്റൊരു കേസ്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയതായി നേരത്തെ ലോകാ‌യുക്ത നിരീക്ഷിച്ചിരുന്നു.ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് ലോകായുക്തയുടെ ചിറകരി‌യാൻ സർക്കാർ തയ്യാറെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില