നടപ്പാത കൈയേറി കെഎസ്ആര്‍റ്റിസി ഓഫീസ് നിര്‍മ്മിച്ചെങ്കില്‍ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
തമ്പാനൂര്‍ റെയില്‍വേ പാഴ്‌സല്‍ ഓഫീസിന് മുന്നിലുള്ള നടപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.റ്റി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിര്‍മ്മിച്ചതാണെങ്കില്‍ അത് ഒഴിപ്പിക്കുന്നതിന് നിയമാനുസരണം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
ഉത്തരവ് ലഭിച്ച് ആറാഴ്ചക്കുള്ളില്‍ നഗരസഭാ സെക്രട്ടറി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. അപകടം കൂടാതെ സഞ്ചരിക്കാന്‍ നിര്‍മ്മിച്ച നടപ്പാത കൈയേറി കെ.എസ്.ആര്‍.റ്റി.സി. ഓഫീസ് നിര്‍മ്മിച്ചതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പൊതുമരാമത്ത് റോഡ് കൈയേറിയാണ് ഓഫീസ് നിര്‍മ്മിച്ചതെന്നും ഇതിന് നഗരസഭയില്‍ നിന്നുംഅനുമതി ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ ഹാജരാക്കാനും കെ.എസ്.ആര്‍.റ്റി.സിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
കേരള മുന്‍സിപ്പാലിറ്റീസ് ആക്റ്റ് പ്രകാരം പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ സ്ഥലപരിശോധനക്കായി നഗരസഭാ സെക്രട്ടറി നിയോഗിക്കണം. സ്ഥലപരിശോധനക്ക് മുമ്പ് കെ.എസ്.ആര്‍.റ്റി.സിക്ക് നോട്ടീസ് നല്‍കണം. അസിസ്റ്റന്റ് എഞ്ചിനീയര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കവടിയാര്‍ ഹരികുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.