കേരളത്തില്‍ ചെറുപ്പക്കാര്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നതില്‍ പഠനം നടത്തി ബോധവല്‍ക്കരണം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേള്‍ക്കര്‍ പറഞ്ഞു.സര്‍ക്കാര്‍ ഏജന്‍സി ഉപയോഗിച്ച് പഠനം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ചെറുപ്പക്കാരെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011ലെ സെന്‍സസിന് ആനുപാതികമായി നിലവിലെ ജനസംഖ്യയില്‍ 18 -19 വയസ് പ്രായമുള്ളവരില്‍ 1.1% പേരുമാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് 20-29 പ്രായമുള്ള 15.62% പേരാണ് ഉള്ളത്. ഇവരില്‍ പലരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ല. ചേര്‍ത്താലും വോട്ട് ചെയ്യാന്‍ താല്പര്യം കാണിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം വിമുഖത കാണിക്കുന്ന ചെറുപ്പക്കാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
30 വയസ്സിന് താഴെയുള്ള പ്രൊഫഷണലുകളും വോട്ട് ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. കേരളത്തിന് പുറത്ത് പഠിക്കാനോ ജോലിക്കോ പോകുന്നവര്‍ വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമായി കേരളത്തില്‍ എത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.