മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി കണ്ടെത്തി; കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍
ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം
കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന അസം സ്വദേശി അമിത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമാണ് താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. കൊലപാതകി മോഷണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
കസ്റ്റഡിയിലുള്ള അമിത് നേരത്തെ മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ട ആളാണ്. അതിനുശേഷം ഇയാളെ വിജയകുമാര്‍ വീട്ടുജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.