വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഓര്‍മിപ്പിച്ച് കെ വി തോമസ്; കരാര്‍ ഏറ്റെടുക്കാനാരുമില്ലാതിരുന്നപ്പോള്‍ അദാനിയുമായി സംസാരിച്ചു
അദാനിയുമായി ഉമ്മന്‍ചാണ്ടി സ്വകാര്യമായി സംസാരിച്ചെന്ന് കെവി തോമസ് പറഞ്ഞു.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഓര്‍മിപ്പിച്ച് കെ വി തോമസ്. മറ്റാരും കരാര്‍ ഏറ്റെടുക്കാന്‍ ഇല്ലാതിരുന്ന സമയത്ത് അദാനിയുമായി ഉമ്മന്‍ചാണ്ടി സ്വകാര്യമായി സംസാരിച്ചെന്ന് കെവി തോമസ് പറഞ്ഞു. അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതും അതിനുള്ള ചര്‍ച്ചകള്‍ക്ക് താന്‍ വേദിയൊരുക്കിയ സാഹചര്യങ്ങളുമാണ് കെ വി തോമസ് പങ്കുവെച്ചത്. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കെ വി തോമസിന്റെ കുറിപ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
കെവി തോമസിന്റെ കുറിപ്പ്-
വിഴിഞ്ഞം-ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്നതില്‍ അഭിമാനം. ഇന്ത്യയുടെ അഭിമാനമായ വിഴിഞ്ഞം അന്തര്‍ദേശീയ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മ്മാണം വിജയകരമായി പൂര്‍ത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. വളരെ സന്തോഷത്തോടും ചാരിതാര്‍ത്ഥ്യത്തോടും കൂടിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ഞാന്‍ കാണുന്നത്. 2015 ല്‍ ഞാന്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരുന്ന സന്ദര്‍ഭത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭത്തിലാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി എന്നോട് പറയുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ സമഗ്ര വികസനത്തിനും കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഈ തുറമുഖം ഉപകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ പോര്‍ട്ടിന്റെ പണി ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന ദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ ടെന്‍ഡര്‍ ഡോക്യുമെന്റ്‌സ് വാങ്ങി പണി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ തുറമുഖ പദ്ധതി നമുക്ക് നഷ്ടപ്പെടും എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ''അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയെ എനിക്ക് നല്ല പരിചയമുണ്ട്. അദ്ദേഹത്തെ ഞാന്‍ വിളിക്കാം, പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനി ഗ്രൂപ്പിനോട് എതിര്‍പ്പുണ്ട്, ഇതിനുള്ള പരിഹാരം ഉമ്മന്‍ചാണ്ടി കാണണം''. ഞാന്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു.
ഞാന്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഗൗതം ഭായിയെ വിളിച്ച് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് താങ്കളോട് നേരിട്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ''പ്രൊഫസര്‍ക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ തന്നെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യങ്ങളെ കുറിച്ച് എനിക്കുമറിയാം. മാറിമാറി വരുന്ന സര്‍ക്കാരുകളും ഏതിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുമാണ് കേരളത്തിലുള്ളത്. തമിഴ്‌നാട്ടില്‍ രണ്ടായിരം ഏക്കര്‍ സ്ഥലം സൗജന്യമായി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിട്ട് എന്താ കാര്യം?'. 'ആദ്യം ഉമ്മന്‍ചാണ്ടിയെ കാണൂ, അതിനുശേഷം തീരുമാനമെടുക്കാം'' എന്നാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയ മറുപടി.
അങ്ങിനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവും, സെക്രട്ടറി ജിജി തോംസണും, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്ന കെ. എം. ചന്ദ്രശേഖരനും കൂടി എന്റെ ഔദ്യോഗിക വസതിയായ 17-ബെല്‍വന്ത് റായ് മേത്തയില്‍ വന്നത്. ഗൗതം അദാനി എന്റെ മറ്റൊരു സുഹൃത്തായ മഹേഷ് ബക്ചന്ദയോടൊപ്പമാണ് എത്തിയത്. എല്ലാവരും കൂടി നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചു. അപ്പം- സ്റ്റ്യൂ, പുട്ട്-കടല ഉള്‍പ്പെടെയുള്ള കേരള ഭക്ഷണമാണ് നല്‍കിയത്. ഭക്ഷണത്തിനുശേഷം ഗൗതം അദാനിയും ഉമ്മന്‍ചാണ്ടിയും എന്റെ കിടപ്പ് മുറിയിലേക്ക് കയറി. ഏതാണ്ട് 15 മിനിറ്റ് അവര്‍ സംസാരിച്ചു. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. ശേഷം രണ്ടുപേരും ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു. ഗൗതം ഭായി പറഞ്ഞു ''പ്രൊഫസര്‍ ഐ വില്‍ കം ടു കേരള''.
പിന്നീട് ഞാന്‍ മനസ്സിലാക്കിയത് അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ എന്നിവരെ ഗൗതം ഭായ് തിരുവനന്തപുരത്ത് പോയി കണ്ടു എന്നാണ്. ഈ പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് സോണിയ ഗാന്ധിയെ ഉമ്മന്‍ചാണ്ടി പിന്നീട് മനസ്സിലാക്കിയിരുന്നുവെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. അദാനി ഗ്രൂപ്പ് കേരളത്തില്‍ വരുന്നതിനെതിരെ പല കോണ്‍ഗ്രസ്സ് നേതാക്കളും ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടര്‍ന്ന് ഔപചാരികമായ ഉദ്ഘാടനം ഉമ്മന്‍ചാണ്ടിയുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തില്‍ നടന്നു. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ്സിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു. പക്ഷെ ഉമ്മന്‍ചാണ്ടി ആ സഹായം നിഷേധിക്കുകയായിരുന്നു.
പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. തിരുവനന്തപുരം അതിരൂപത ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അതിശക്തമായ എതിര്‍പ്പുണ്ടായി. ഒരു സമര പരമ്പര തന്നെ അരങ്ങേറി. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ചു. എന്നാല്‍ സമചിത്തതയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവരെയും കൂടെ ചേര്‍ത്തു നിര്‍ത്തി, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ടുപോയി. മുതലപ്പൊഴി ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ പല പ്രശ്‌നങ്ങളും ഇനിയും പരിഹരിക്കേണ്ടതുണ്ട് എന്ന് വിസ്മരിക്കുന്നില്ല. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കി രാജ്യത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.