പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി: രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് കോടതി
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം കോടതി നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കാശ്മീര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫാദേഷ് കുമാര്‍, വിക്കി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഹര്‍ജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും രാജ്യം കടന്നുപോകുന്ന സാഹചര്യം മനസ്സിലാക്കണമെന്നും കോടതി വ്യക്തമാക്കി. പിന്നാലെ ഇവര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. അതേസമയം വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും വ്യോമ അതിര്‍ത്തി അടച്ചതിനു പിന്നാലെയുമാണ് പാക് വിമാനങ്ങള്‍ ഉപയോഗിക്കുന്ന സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നതിനായി ഇന്ത്യ ജാമിങ് സംവിധാനം വിന്യസിച്ചത്.
അമേരിക്കയുടെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബെയ്ഡൗ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ജാമിങ് സംവിധാനങ്ങള്‍ക്ക് കഴിയും. ഇന്ത്യ ഭീകരാക്രമണത്തിന് തിരിച്ചടികള്‍ തുടങ്ങിയതോടെ പാക്കിസ്ഥാന്‍ അടിയന്തരമായി വ്യോമ മേഖല അടച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യയും വ്യോമ മേഖല അടച്ചത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തി.