തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ രാഷ്ട്രീയപാര്‍ട്ടികളോടും സ്ഥാനാര്‍ത്ഥികളോടും ആവശ്യപ്പെട്ടു.
സമാധാനപൂര്‍ണമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് നീതിപൂര്‍വവും, നിഷ്പക്ഷവും, സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. മാതൃകാപെരുമാറ്റചട്ടം, ഹരിതചട്ടപാലനം, മറ്റു തിരഞ്ഞെടുപ്പ് നിയമങ്ങള്‍ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഉടനേതന്നെ ബാലറ്റ്പേപ്പറും ബാലറ്റ്ലേബലുകളും അച്ചടിക്കുന്നതിനായി ബന്ധപ്പെട്ട പ്രസ്സുകളിലേയ്ക്ക് പട്ടിക വരണാധികാരികള്‍ അയയ്ക്കുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യാന്‍ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്.