വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഡല്‍ഹിയില്‍ വായു നിലവാരം മോശം വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക.
വായു നിലവാരം മോശമായതോടെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. വായു നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍(ജിആര്‍എപി) ലെവല്‍ 3 പ്രകാരമാണ് നടപടി.
ജിആര്‍എപി നിയന്ത്രണങ്ങള്‍ വായുനിലവാരം സൂചിക അനുസരിച്ച് നടപ്പിലാക്കുന്ന വിധം
GRAP 1 - AQI 201-300
GRAP 2 - AQI 301-400
GRAP 3 - AQI 401-450
GRAP 4 - AQI 451ന് മുകളില്‍
ജിആര്‍എപി ലെവല്‍ 3 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ ഗൗരവത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ അറിയിച്ചു. പൊതുജനങ്ങളോട് തുറസ്സായ സ്ഥലങ്ങളില്‍ കത്തിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.